Breaking News

വെസ്റ്റ്എളേരിയിൽ കഴിഞ്ഞ ദിവസം കവുങ്ങ് വീണ് തകർന്ന ഭിന്നശേഷിക്കാരന്റെ വീട് ഡിവൈഎഫ്ഐ 'യൂത്ത്ബ്രിഗേഡ്' അംഗങ്ങൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കി


വെള്ളരിക്കുണ്ട്: കവുങ്ങ് വീണ് തകർന്ന ഭിന്നശേഷിക്കാരന്റെ വീട് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് അംഗങ്ങൾ വാസയോഗ്യമാക്കി. വെസ്റ്റ് എളേരി പഞ്ചായത്തിൽ തേനൂരിലെ നിർധനനും ഭിന്നശേഷിക്കാരനുമായ ഇസ്മയിലിന്റെ വീടാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നന്നാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ വീടിന് മുകളിൽ കവുങ്ങ് വീണ് വീടിന്റെ ഒരുഭാഗം തകർന്നത്. ഒരുഭാഗത്തെ കഴുക്കോലും നൂറിലധികം ഓടുകളും ടെലിവിഷനും ഉൾപ്പെടെ തകരുകയും ചെയ്തിരുന്നു. ഒറ്റപ്പെട്ട പ്രദേശത്ത് ആയതിനാൽ ഈ വിവരം ആരും അറിഞ്ഞിരുന്നില്ല. മഴ ശക്തമായതോടെ വീട്ടിൽ താമസിക്കാൻ ബുദ്ധിമുട്ടായതോടെയാണ് ഇവർ കടുമേനിയിലെ സിപിഐഎം പ്രവർത്തകരെ വിവരം അറിയിക്കുന്നത്. കവുങ്ങ് മുറിച്ചുമാറ്റാനായി സിപിഐഎം ലോക്കൽ കമ്മറ്റി അംഗം ജോൺ ബ്രിട്ടോയുടെ നേതൃത്വത്തിൽ ആളെത്തിയപ്പോഴാണ് കവുങ്ങ് മറിഞ്ഞുവീഴാൻ പാകത്തിൽ നേരത്തെ മടവെച്ചത്(പാതി മുറിച്ച് വച്ചത്) ശ്രദ്ധയിൽ പെട്ടത്, ഇതേ തുടർന്ന് ഇസ്മയിലിന്റെ മകൾ നബീസ ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊട്ടിയ കഴുക്കോലുകൾ മാറ്റി  ഓടുകൾ വിലകൊടുത്ത് വാങ്ങി വീട് നന്നാക്കി നൽകി. മൂന്ന് വർഷം മുൻപ് തേനൂരിലെ ഭൂവുടമ സിദ്ധിഖ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായാണ് അന്യജില്ലക്കാരായ ഈ കുടുംബത്തിന് തന്റെ വക സ്ഥലത്ത് അഞ്ച് സെന്റ് സ്ഥലവും ഓടിട്ട വീടും നിർമ്മിച്ച് നൽകിയത്. രണ്ട് കാലുകളും നഷ്ടപ്പെട്ട ഇസ്മയിലും ഭാര്യ ആമിന, മകൾ നബീസ, ഇസ്മയിലിന്റെ അപകടത്തിൽ മരിച്ചുപോയ മകളുടെ മക്കളായ ബീമ, മുഹമ്മദ് എന്നിവരാണ് ഇവിടെ താമസിക്കുന്നത്. നബീസ ഹോട്ടൽ ജോലി ചെയ്താണ് ഇവരുടെ കുടുംബം പുലരുന്നത്. ഇപ്പോൾ ആ വരുമാനവും ഇല്ല. റേഷൻ കാർഡ് ഇല്ലാത്തതിനാൽ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. വീട് നവീകരണത്തിന് യൂത്ത് ബ്രിഗേഡ് അംഗങ്ങളായ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എൻ.വി ശിവദാസ്, സെക്രട്ടറി പി വി അനു, കെ കെ ദിപിൻ, രജിത്ത് പൂങ്ങോട് , ഷിഖിൻ കമ്പല്ലൂർ, അഡോൺ, സി എസ് അക്ഷയ് എന്നിവർ നേതൃത്വം നൽകി. റേഷൻകാർഡും അതിലൂടെ മറ്റ് ആനുകല്യങ്ങളും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി വി അനു കുടുംബത്തിന് ഉറപ്പ് നൽകി.

No comments