സ്വകാര്യതാ നയം താത്കാലികമായി മരവിപ്പിച്ചതായി വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡൽഹി: പുതിയ സ്വകാര്യത നയം തൽക്കാലികമായി മരവിപ്പിച്ചതായി വാട്സ്ആപ്. സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചിരിക്കുകയാണെന്ന് വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.
വിവര സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ല. നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് ആപ്പിന്റെ സേവനം തടയില്ലെന്നും ഡൽഹി ഹൈക്കോടതിയിൽ വാട്സ്ആപ്പ് അറിയിച്ചു. അതേസമയം വിവര സംരക്ഷണ ബിൽ എന്നു വരുമെന്നത് അറിയില്ലെന്നും വാട്സപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു.
സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷൻ കമ്മീഷൻ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജി ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് തള്ളിക്കളഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്സ്ആപ്പും ഫെയ്സ്ബുക്കും നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് ഹരീഷ് സാൽവെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പുതിയ നയം അംഗീകരിക്കാത്തവർക്ക് വാട്സ്ആപ്പിന്റെ സേവനം തടയില്ലെങ്കിലും നയം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശം തുടർന്നും അയക്കും. സന്ദേശം അയക്കുന്നത് ഒഴിവാക്കാനാവില്ലെന്നും വാട്സ്ആപ് അറിയിച്ചു. ഫെയ്സ്ബുക്കിന് വേണ്ടി ഹാജരായ മുകുൾ റോത്തഗിയും സമാനമായ വാദമാണ് ഉണയിച്ചത്. ചിഫ് ജസ്റ്റിസ് DN പാട്ടീൽ, ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേസ് ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.
ജൂൺ 4 ന് കോമ്പറ്റീഷൻ കമ്മീഷൻ അയച്ച നോട്ടീസ് റദ്ദാക്കണമെന്ന വാട്സ്ആപിന്റെ ആവശ്യമാണ് കോടതി നേരത്തെ തള്ളിയിരുന്നത്. മെയ് 15 മുതൽ നിലവിൽ വന്ന വാട്സ് ആപിന്റെ സ്വകാര്യത നയത്തിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്നും കമ്പനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നൽകുക എന്നും വാട്ട്സ് ആപ് വിശദീകരിച്ചിരുന്നു.
പുതിയ സ്വകാര്യതാ നയത്തിനെതിരെ സർക്കാർ എതിർപ്പ് ഉന്നയിച്ചെങ്കിലും മാറ്റങ്ങളൊന്നും വരുത്തിയിയിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നോട്ടീസ് അയച്ച് അന്വേഷണ നടപടികളിലേക്ക് കടന്നത്.
No comments