ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നു; ഉറ്റസുഹൃത്തിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍; ബാങ്ക് ജീവനക്കാരി അറസ്റ്റില്‍
കണ്ണൂര്‍: പരിയരത്ത് കരാറുകാരനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ജീവനക്കാരി അറസ്റ്റില്‍. എന്‍ വി സീമയാണ് അറസ്റ്റിലായത്. ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നത് കരാറുകാരനായ സുരേഷ് ബാബുവാണെന്ന് ആരോപിച്ചായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. ഏപ്രില്‍ 18നായിരുന്നു അയല്‍വാസിയായ സുരേഷിനെ ഒരു സംഘം ആക്രമിക്കുന്നത്. ആക്രമണത്തില്‍ സുരേഷിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ക്വട്ടേഷന്‍ ആക്രമണമാണെന്ന് കണ്ടെത്തിയത്. അക്രമം നടത്തുന്നതിന് പ്രേരിപ്പിക്കല്‍, ഗൂഢാലോചന, പണം നല്‍കി ക്വട്ടേഷന്‍ ഏല്‍പ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് സീമക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ. രതീഷ് (39) നീലേശ്വരം പള്ളിക്കരയിലെ പി. സുധീഷ് (39) എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന് പിന്നില്‍ കേരള ബാങ്ക് ജീവനക്കാരി സീമ (42) യാണെന്ന് വ്യക്തമായത്.
ഭര്‍ത്താവിനെ നിയന്ത്രിക്കുന്നതിലുള്ള വിദ്വേഷമാണ് ഭര്‍ത്താവിന്റെ ആത്മസുഹൃത്തായ സുരേഷ് ബാബുവിനെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ ഏപ്രില്‍ 18 ന് രാത്രി എട്ട് മണിയോടെ സുരേഷ് ബാബു ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരിയിലാണ് മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്. പതിനായിരം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു. പിന്നീട് കൊട്ടേഷന്‍ സംഘം സുരേഷ് ബാബുവിനെ നിരന്തരം നിരീക്ഷിച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ കൃത്യം നടത്തിയത്.
മൂവരും കണ്ണൂരില്‍ സീമ ജോലിചെയ്യുന്ന ബാങ്ക് ശാഖയിലെത്തി നേരില്‍ കാണുകയും കൃത്യം നടത്തിയാല്‍ മൂന്നുലക്ഷം രൂപ നല്‍കാമെന്ന കരാര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍, അഡ്വാന്‍സ് നല്‍കാന്‍ തയാറായില്ല. പിന്നീട് മറ്റൊരു ദിവസം സീമയെ കാണാനെത്തിയ മൂവരും കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ ഐസ് ക്രീം പാര്‍ലറില്‍ സന്ധിക്കുകയും സീമ 10,000 രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. ഇതിന് ശേഷം പ്രതികള്‍ ബൈക്കില്‍ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടര്‍ന്നുവെങ്കിലും കൂടെ മറ്റാളുകള്‍ ഉണ്ടായിരുന്നതിനാല്‍ കൃത്യം നടപ്പാക്കാന്‍ സാധിച്ചില്ല. പ്രതികള്‍ കൃത്യം നടത്താന്‍ ഇന്നോവ കാര്‍ വാടകക്ക് എടുത്തുവെങ്കിലും അത് അപകടത്തില്‍ പെട്ടതിനാല്‍ തിരിച്ചുകൊടുക്കേണ്ടിവന്നു.
ഈ സമയത്താണ് ഇവര്‍ പരിചയക്കാരനായ നീലേശ്വരം പള്ളിക്കരയിലെ സുധീഷുമായി ബന്ധപ്പെട്ടത്. സംഭവം നടന്ന 18ന് വൈകിട്ട് തന്നെ കാറുമായി നെരുവമ്പ്രത്ത് എത്തിയ സുധീഷ് പ്രതികളെയും കയറ്റി കാറുമായി ആയുര്‍വേദ കോളജ് പരിസരത്ത് കറങ്ങി. രാത്രി എട്ടോടെ റോഡിലൂടെ പോയപ്പോള്‍ സുരേഷ് ബാബു ഒറ്റക്ക് വീട്ടുവരാന്തയില്‍ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് കാര്‍ സുരേഷ് ബാബുവിന്റെ വീട്ടുപരിസരത്ത് നിര്‍ത്തിയശേഷം സുധീഷും ജിഷ്ണുവുമാണ് ആക്രമണം നടത്താന്‍ പോയത്. ജിഷ്ണുവാണ് വെട്ടിയത്. സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ബന്ധുക്കളും അയല്‍ക്കാരും എത്തുമ്പോഴേക്കും ആക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. അഭിലാഷും രതീഷും കാറില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല. പ്രതികള്‍ ശ്രീസ്ഥ ഭാസ്‌കരന്‍ പീടികയിലെത്തി വെട്ടാനുപയോഗിച്ച വടിവാള്‍ രാമപുരം പുഴയില്‍ ഉപേക്ഷിച്ചു. ഇത് തളിപ്പമ്പിലെ കടയില്‍നിന്നാണ് വാങ്ങിയത്.
വെട്ടേറ്റ സുരേഷ് ബാബു ആദ്യം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പ്രതികളില്‍ അഭിലാഷും ജിഷ്ണുവും നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നു.
No comments