കണ്ണൂർ ആന്തൂർ മുൻ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയെ അധിക്ഷേപിച്ച സംഭവം; സിപിഎമ്മിൽ കൂട്ട നടപടി
കണ്ണൂർ: തളിപ്പറമ്പിൽ സിപിഎമ്മിൽ 16 പേർക്കെതിരെ അച്ചടക്ക നടപടി. ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സണും മന്ത്രി എം വി ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമളയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചു എന്ന പരാതിയിലാണ് കൂട്ട നടപടി. പ്രാദേശിക നേതാക്കളുൾപ്പെടെ 16 പേർക്ക് എതിരെയാണ് ആണ് നടപടി. എന്നാൽ ആർക്ക് എതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം.
സംസ്ഥാന കമ്മിറ്റിയംഗവും എം. എൽ. എയുമായ എ. എന്‍. ഷംസീര്‍ ചെയര്‍മാനും ജില്ലാ കമ്മിറ്റിയംഗങ്ങളായ എന്‍. ചന്ദ്രന്‍, ടി. ഐ. മധുസൂദനന്‍ എം. എല്‍. എ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നടപടിയുടെ ഭാഗമായി ഒരാളെ നാല് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും മറ്റുള്ളവരെ താക്കീത് ചെയ്യുകയും ചെയ്തു.
ആന്തൂരിൽ വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വന്ന പരാമർശങ്ങളും ലൈക്കുകളും സംബന്ധിച്ച് ഉയർന്ന പരാതിയിലാണ് നടപടി. "തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം" എന്ന് പ്രാദേശികനേതാവ് ഫേസ്ബുക്ക് പ്രൊഫൈൽ ഇട്ടിരുന്നു. നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് ഇത് പിൻവലിക്കുകയും ചെയ്തു. ഈ പോസ്റ്റ് ഷെയറും ലൈക്കും ചെയ്തവരെയാണ് പാർട്ടി താക്കീത് ചെയ്തത്
പാർട്ടി കമ്മീഷന്‍ വിശദമായ തെളിവെടുപ്പിന് ശേഷമാണ് റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിക്ക് നല്‍കിയത്. തദ്ദേശ - നിയമസഭ തെഞ്ഞെടുപ്പുകൾ കാരണമാണ് നടപടി റിപ്പോര്‍ട്ട് ചെയ്യുന്നത് വൈകിയത്. ഇ. പി. ജയരാജന്‍, എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി. ജയരാജന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി, കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു.
നടപടിക്ക് വിധേയരായവർക്ക് ജില്ലാ കമ്മിറ്റി കത്ത് കൊടുക്കുകയും അവരുടെ മറുപടി രേഖാമൂലം എഴുതി വാങ്ങുകയും ചെയ്തിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്ത മാസം തുടങ്ങാനിരിക്കെയാണ് കൂട്ട നടപടി.
No comments