Breaking News

പാഴ് വസ്തുക്കൾ ശേഖരിച്ച് ജീവകാരുണ്യ പ്രവർത്തനത്തിന് ഫണ്ട് സ്വരൂപിക്കാനൊരുങ്ങി കുന്നുംകൈ സൈബർവിംഗ് പ്രവർത്തകർ വേറിട്ട പ്രവർത്തനത്തിന് ഞായറാഴ്ച്ച തുടക്കം


വെള്ളരിക്കുണ്ട്: കഴിഞ്ഞ 5 വർഷങ്ങളായി കുന്നുംകൈ കേന്ദ്രീകരിച്ച് നാടിൻ്റെ സമൂഹിക,സംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിസ്വാർത്ഥ സേവനവുമായി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വരുന്ന കൂട്ടായ്മയാണ് കുന്നുംകൈ സൈബർവിംഗ്. രജികുമാർ പ്രസിഡണ്ടും വി.കെ ബിജു സെക്രട്ടറിയുമായുള്ള ടീമാണ് നിലവിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ഇതിനോടകം ഒട്ടേറെ പ്രവർത്തനങ്ങൾ സൈബർവിംഗ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.  ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നതിനായി ഫണ്ട് അനിവാര്യമായി വന്ന സാഹചര്യത്തിലാണ് കുന്നുംകൈ സൈബർ വിംഗ് പ്രവർത്തകർ നാട്ടിലെ പാഴ് വസ്തുക്കൾ ശേഖരിച്ച് പ്രവർത്തന ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചത്.

അതിന്റെ ഭാഗമായി ആഗസ്റ്റ് 8 ഞായറാഴ്ച്ച മുതൽ കുന്നുംകൈ പരിസര പ്രദേശങ്ങളിലെ വീടുകളിലെത്തി പാഴ് വസ്തുക്കൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതോടൊപ്പം വീടും പരിസരവും വൃത്തിയാക്കാനും വീട്ടുക്കാർക്ക് സഹായകരമായ ജോലികൾ ചെയ്യാനും ഇവർ തയ്യാറാണ്, ഇത്തരമൊരു പ്രവർത്തനവുമായി സഹകരിക്കുന്നതോടൊപ്പം നമുക്കും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാവാം, കാരണം ഇതിലുടെ സ്വരൂപിക്കുന്ന തുക തികച്ചും കഷ്ടത അനുഭവിക്കുന്ന അർഹരായ ആളുകളിലേക്കാണ് എത്തിക്കുന്നത്.  പ്രവർത്തനഫണ്ട് സ്വരൂപിക്കാനുള്ള ലക്ഷ്യം കൈവരിക്കാൻ പൊതു ജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുകയാണ് സൈബർ വിംഗ് പ്രവർത്തകർ.

No comments