Breaking News

തലപ്പാടിയില്‍ ഇന്ന് മുതല്‍ മൊബൈല്‍ കോവിഡ് ടെസ്റ്റിങ് യൂണിറ്റ് തുടങ്ങുമെന്ന് കലക്ടര്‍; 'അതിര്‍ത്തിയിലെ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും'


കാസര്‍കോട്: തലപ്പാടിയില്‍ കോവിഡ് പരിശോധനയ്ക്ക് ആഗസ്റ്റ് മൂന്ന് ചൊവ്വാഴ്ച മുതല്‍ മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റ് ഏര്‍പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് സ്പൈസുമായി സഹകരിച്ചാണ് സംവിധാനമൊരുക്കുന്നത്. ഇതോടെ അതിര്‍ത്തിയിലെ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കലക്ടര്‍ പറഞ്ഞു.


കേരളത്തില്‍ കോവിഡ് വ്യാപനം കൂടി വരുന്നതിനാല്‍ കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ കോവിഡ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പോലും സര്‍ട്ടിഫിക്കറ്റില്ലാതെ കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.


കര്‍ണാടകയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, ജോലിക്കാര്‍, കൂലി തൊഴിലാളികള്‍, ആശുപത്രികളിലേക്ക് പോകുന്ന രോഗികള്‍ ഉള്‍പെടെയുള്ളവര്‍ പുതിയ തീരുമാനം കാരണം വലയുകയാണ്.


നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ കാസര്‍കോടിനും മംഗളൂരുവിനും ഇടയിലുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ഇരു സംസ്ഥാനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിര്‍ത്തി വരെ മാത്രമാണ് ബസ് സര്‍വീസ് നടത്തുന്നത്. അതിര്‍ത്തി കടക്കാന്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക ബുദ്ധിമുട്ടേറിയതും സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതുമാണ്. ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് ഇത് കടുത്ത പ്രതിസന്ധിയാണ് തീര്‍ത്തിരിക്കുന്നത്. ഇതിനിടെയുള്ള മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റ് ആരംഭിക്കാനുള്ള പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്.

No comments