Breaking News

സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം വന്നേക്കും; അന്തിമ തീരുമാനം ഇന്ന്




സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം വന്നേക്കും. ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കുന്ന നിര്‍ദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. (Kerala may cancel lockdown)


ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. ടിപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടയന്‍മെന്‍റ് സോണായി തിരിച്ച് അടച്ചിടൽ നടപ്പാക്കിയേക്കും. പത്തില്‍ കൂടുതല്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.


കടകൾ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണങ്ങളും പൂർണമായും മാറ്റിയേക്കും. ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളിൽ എല്ലാ കടകളും എല്ലാ ദിവസവും തുറക്കുന്നത് സർക്കാരിൻ്റെ സജീവ പരിഗണനയിലുണ്ട്. തുറക്കുന്ന കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയും പരിശോധിക്കും. പ്രധാനസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യവും ശുപാര്‍ശയിലുണ്ട്. പ്രതിദിന പരിശോധന രണ്ട് ലക്ഷമാക്കി ഉയര്‍ത്തും. രോഗവ്യാപനത്തിന് ഇടവരാതെ ഓണത്തിന് കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനാണ് ആലോചന.

അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടിപിആറും ഉയരുന്നതിൽ കേന്ദ്ര സംഘം ചീഫ് സെക്രട്ടറിയെ ആശങ്ക അറിയിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കി ക്വാറന്റീൻ ശക്തിപ്പെടുത്തണമെന്നും കേന്ദ്ര സംഘം നിർദ്ദേശം നൽകി.

No comments