Breaking News

കൊവിഡ് കാലത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചെടുത്തത് 38 കോടിയുടെ സ്വര്‍ണം




കണ്ണൂര്‍ | കൊവിഡ് കാലത്ത് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായത് 38 കോടിയോളം രൂപയുടെ സ്വർണം, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച് 24 മുതല്‍ സെപ്തംബര്‍ 17 വരെയായി 76 കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയത്. 122 കേസുകളും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം പതിനാലാം തവണയാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വിമാന സര്‍വീസുകളുടെ എണ്ണം കുറഞ്ഞതോടെ സ്വര്‍ണക്കടത്തും കുറഞ്ഞിരുന്നു. വന്‍കിട സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കാരിയര്‍മാരാണ് പിടിയിലാകുന്നവരില്‍ മിക്കവരും. ശരീരത്തിലും.

വൈദ്യുതോപകരണങ്ങളിലും മറ്റും ഒളിപ്പിച്ചാണ് മിക്കവരും സ്വര്‍ണം കടത്തുന്നത്. ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറില്‍ ഒളിപ്പിച്ച് വരെ സ്വര്‍ണം കടത്താന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ശ്രമം നടന്നിരുന്നു. ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം പിടിക്കപ്പെട്ടാല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ഇതൊഴിവാക്കാന്‍ ഇതില്‍ കുറഞ്ഞ അളവിലാണ് മിക്കപ്പോഴും സ്വര്‍ണം കടത്തിക്കൊണ്ടു വരുന്നത്.

കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാന യാത്രക്കാരായ കോഴിക്കോട് വടകര സ്വദേശികളായ മന്‍സൂര്‍ പറമ്പത്ത്, സഫീന എന്നിവരില്‍ നിന്നും ഒന്നരക്കോടിയോളം വരുന്ന മൂന്ന് കിലോയോളം വരുന്ന സ്വര്‍ണം ഡി ആര്‍ ഐയും കസ്റ്റംസും ചേര്‍ന്നു പിടികൂടിയിരുന്നു. മന്‍സൂര്‍ പാന്റ്സിന്റെ ബെല്‍റ്റിന്റെ ഭാഗത്ത് ഒളിപ്പിച്ചും സഫീന വേസ്റ്റ് ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ചുമാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

No comments