Breaking News

കാഞ്ഞങ്ങാട് ഗതാഗത പരിഷ്ക്കാരം വരുന്നു.. മുന്നോടിയായി ട്രാഫിക് റെഗുലേറ്ററി സബ്കമ്മിറ്റി നഗരത്തില്‍ പരിശോധന നടത്തി

കാഞ്ഞങ്ങാട്: നഗരത്തിലെ ഗതാഗത സംവിധാനം പരിഷ്‌ക്കരിക്കുന്നു. ഗതാഗത പരിഷ്ക്കരണത്തിനു മുന്നോടിയായി നഗരത്തിൽ ഏർപ്പെടുത്തേണ്ടുന്ന സംവിധാനങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ സബ് കമ്മിറ്റി നഗരത്തില്‍ പരിശോധന നടത്തി. പുതിയകോട്ട മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ റോഡിന് ഇരുവശങ്ങളിലും പാര്‍ക്കിംഗ് ഏരിയകള്‍ കണ്ടെത്താനും, പാര്‍ക്കിംഗ് ഏരിയകളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കാനും സ്വകാര്യ പാര്‍ക്കിംഗ് ഏരിയകള്‍ കണ്ടെത്തുവാനും,ഓട്ടോ, ടൂറിസ്റ്റ് ടാക്സികൾ, ടെംബോ സ്റ്റാൻ്റുകൾ, സിഗ്നൽ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളും സബ് കമ്മിറ്റി പരിശോധന നടത്തി റീപ്പോർട്ട് സമർപ്പിക്കും. നഗരസഭ, പോലീസ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം, മോട്ടോര്‍വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്‍, മുന്‍സിപ്പല്‍ സെക്രട്ടറി റോയ് മാത്യു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍,പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷിബിന്‍ ചന്ദ്, നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.അനീശന്‍, ട്രാഫിക് എസ്‌ ഐ ആനന്ദകൃഷ്ണന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നഗരത്തില്‍ പരിശോധന നടത്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് വിശദമായ ചർച്ചകളും അഭിപ്രായങ്ങളും സ്വരൂപിച്ച്  നടപ്പിലാക്കാനാണ് തീരുമാനം. നഗരസഭ ചെയർപേഴ്സൺ കെ.വി സുജാതയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേര്‍ന്ന ട്രാഫിക് റഗുലേറ്ററിംഗ് കമ്മറ്റിയാണ് നഗരത്തില്‍ ഗതാഗത പരിഷ്‌ക്കാരം നടപ്പില്‍വരുത്തുന്നതിൻ്റെ ഭാഗമായി സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചത്.പുതിയ ഗതാഗത നിയന്ത്രണം വിശദമായ ചർച്ചകൾക്കുശേഷം മാത്രമേ നടപ്പിലാക്കുകയുള്ളുവെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാതയും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഡോ: വി.ബാലകൃഷ്ണനും അറിയിച്ചു

No comments