Breaking News

കോട്ടഞ്ചേരി പാമത്തട്ടിലെ നിർദ്ദിഷ്ഠ കരിങ്കൽ ക്വാറിക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ നിൽപ്പു സമരം നടത്തി.


 



വെള്ളരിക്കുണ്ട്: കോട്ടഞ്ചേരി പാമത്തട്ടിലെ നിർദ്ദിഷ്ഠ കരിങ്കൽ ക്വാറിക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ നിൽപ്പു സമരം നടത്തി.ക്വാറിക്ക് എക്സ്പ്ളോസീവ് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ നിരാക്ഷേപ പത്രം നിരസിച്ച പശ്ചാത്തലത്തിൽ പ്രസ്തുത വിഷയം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയിൽ നിന്ന് അടുത്ത കാലത്ത് നിർദ്ദേശമുണ്ടായിരുന്നു.ക്വാറി നടത്താൻ ശ്രമിക്കുന്ന കമ്പനി നൽകിയ കേസിലുണ്ടായ പ്രസ്തുത വിധിയുടെ പശ്ചാത്തലത്തിൽ ഈ വിഷയം ഇപ്പോൾ കലക്ടറുടെ പരിഗണയിലാണ്.ഇത് പാമത്തട്ട് മുട്ടോംകടവ് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കയാണ്. കോട്ടഞ്ചേരി വനത്തിൻ്റെ ഭാഗമായ പ്രകൃതി രമണീയമായ പന്നിയാർമാനിയുടെ തൊട്ടു താഴെയാണ് ക്വാറി പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകിയാണ് പാരിസ്ഥിതിക്കാനുമതി നേടിയിട്ടുളളത് എന്നു കാണിച്ച് അത് റദ്ദാക്കാൻ ഹൈക്കോടതിയിൽ കേസും ഇക്കാര്യത്തിലുള്ള സംസ്ഥാന തല സംവിധാനത്തിൽ അപ്പീലും നൽകിയിട്ടുണ്ടു്. ഈ പശ്ചാത്തലത്തിലും മുമ്പു് നടന്നിട്ടുള്ള ജനകീയ സമരങ്ങളിലൂടെ പ്രകടമായ ജനവികാരം മാനിച്ചുമാണ് പബ്ളിക്ക് ഹിയറിംഗ് നടത്തി കലക്ടർ എക്സ്പ്ളോസീവ് ലൈസൻസിനുള്ള നീക്കം തടഞ്ഞത്. അതോടെ താൽക്കാലികമായി നിർത്തിവച്ചിരുന്ന സമരപരിപാടികളാണ് കനത്ത മഴയെ അവഗണിച്ചും ഇന്ന് വിവിധ സ്ഥലങ്ങളിലെ നിൽപ്പു സമരത്തോടെ പുനരാരംഭിച്ചിരിക്കുന്നത്. പാമത്തട്ട് സമരപന്തലിലും, കൊന്നക്കാട് പോസ്റ്റാഫീസിനു മുമ്പിലും, മാലോത്ത് വില്ലേജാഫീസ് പടിക്കലും, വെളളരിക്കുണ്ട് താലൂക്ക് സിവിൽ സ്റ്റേഷനു മുന്നിലും, കാസർഗോഡു് കലട്രേറ്റു പടിക്കലും നിൽപ്പു സമരം നടന്നു. അതിനു പുറമെ സീക്കിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഗാന്ധി പാർക്കിലും, കെ.പി.ജെ.എസിൻ്റെ നേതൃത്വത്തിൽ എളേരിത്തട്ടിലും നിൽപ്പു സമരം നടന്നു. സെക്രട്ടറിയേറ്റ് പടിക്കൽ നിശ്ചയിച്ചിരുന്ന സാംസ്കാരിക പ്രവർത്തകരുടെ നിൽപ്പു സമരം മറ്റൊരു ദിവസത്തേക്ക് മാറ്റി. വിവിധ സ്ഥലങ്ങളിലെ സമരങ്ങൾക്ക് പഞ്ചായത്ത് മെമ്പർ മോൻസി ജോയി, അഡ്വ.ടി.വി.രാജേന്ദ്രൻ, അമ്പലത്തറ കുഞ്ഞുകൃഷ്ണൻ, മാത്യൂസ് വലിയവീട്ടിൽ, ഇ കെ.ഷിനോജ്, റിജോഷ് എം.ജെ, കെ.വി.കൃഷ്ണൻ, ജിജോ പി.മാനുവേൽ തുടങ്ങിയവർ നേതൃത്വം നൽകി.

No comments