Breaking News

കോൺഗ്രസിന്റെ ദേശീയപാത ഉപരോധം; വൻ ഗതാഗതക്കുരുക്ക്: പ്രതിഷേധിച്ച് നടൻ ജോജു ;ജോജുവിന്റെ കാര് തല്ലി തകർത്തു




ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടപ്പള്ളി വൈറ്റില ദേശീയപാതയില്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. പ്രതിഷേധത്തിനെതിരെ നടന്‍ ജോജു ജോര്‍ജും രംഗത്തെത്തി. പ്രതിഷേധിച്ച ജോജുവിന്റെ കാര്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.





ഗതാഗതം തടസപ്പെട്ടതോടെ കാറില്‍ യാത്രചെയ്യുകയായിരുന്ന നടന്‍ ജോജു ജോര്‍ജ് പുറത്തേക്കിറങ്ങുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ജോജു വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസിനെ നാണം കെടുത്താനുള്ള സമരമുറയാണിതെന്ന് ജോജു ജോര്‍ജു കുറ്റപ്പെടുത്തി. ഷോ കാണിക്കാന്‍ വേണ്ടി ഇറങ്ങിയതല്ലെന്നും സാധാരണക്കാരായ നിരവധിയാളുകള്‍ റോഡില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ജോജു ജോര്‍ജ് പറഞ്ഞു. വഴിതടഞ്ഞുള്ള സമരത്തിനെതിരെ ജോജുവിനൊപ്പം നാട്ടുകാരും ചേര്‍ന്നു.


ഉപരോധസമരം അവസാനിച്ച് വാഹനങ്ങള്‍ നീങ്ങിത്തുടങ്ങിയതോടെ ജോജുവിന്റെ വാഹനത്തിന്റെ പുറകിലെ ഗ്ലാസ് പ്രതിഷേധത്തില്‍ പങ്കെടുത്തയാള്‍ അടിച്ചുതകര്‍ത്തു. ജോജു ജോര്‍ജ് മാപ്പ് പറയാതെ വിടില്ലെന്നാണ് സമരക്കാരുടെ ആവശ്യം.

‘ഇത്തരം സാഹചര്യങ്ങള്‍ ഇനി മേലില്‍ ആവര്‍ത്തിക്കരുത്. രോഗികളടക്കം നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്’. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ലെന്നും സമരം നടത്തിയെന്നുകരുതി പെട്രോളിന്റെ വിലയൊന്നും കുറയാന്‍ പോകില്ലെന്നും ജോജു പറഞ്ഞു. സമരക്കാരുടെ പ്രകോപനത്തിനിടെ ജോജുവിന് പരുക്കേറ്റു. വാഹനത്തിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്തതിനിടെ മുറിവ് പറ്റുകയായിരുന്നു. ജോജു ജോര്‍ജിനെ മരട്‌ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

മദ്യപിച്ചെത്തിയ നടന്‍ സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുന്‍കൂട്ടി അനുമതി വാങ്ങിയതാണെന്നും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നല്‍കുമെന്നും ഡിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.

No comments