Breaking News

കാസർകോട്-മംഗളൂരു ബസ് സർവീസ് പുനരാരംഭിക്കില്ല; ദക്ഷിണ കന്നഡ കളക്ടർ


മംഗളൂരു: കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് ബസ് സർവീസ് ഉടനെ ആരംഭിക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ (കളക്ടർ) ഡോ. കെ.വി. രാജേന്ദ്ര.


കേരളത്തിൽ കോവിഡ് രണ്ടാം ഘട്ട വ്യാപനം വന്നതോടെയാണ് കേരളത്തിൽനിന്നുള്ള ബസ് സർവീസ് കർണാടക നിർത്തിവെച്ചത്. നിലവിൽ കാസർകോട്ടുനിന്നുള്ള ബസുകൾ തലപ്പാടി അതിർത്തിവരെയാണ് സർവീസ് നടത്തുന്നത്.

കർണാടകയിൽനിന്നുള്ള ബസുകൾ തലപ്പാടിയിൽ സർവീസ് അവസാനിപ്പിക്കും. നവംബർ ഒന്നു മുതൽ കേരളത്തിൽനിന്ന് കർണാടകയിലേക്ക് ബസ് സർവീസ് പുനരാരംഭിക്കുമെന്ന് സാമൂഹികമധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മിഷണറുടെ വിശദീകരണം.


കേരളത്തിൽ 10 മുതൽ 14 ശതമാനം വരെയാണ്‌ കോവിഡ് വ്യാപനനിരക്ക്. നിലവിൽ ദക്ഷിണ കന്നഡ ജില്ലയിൽ 0.5 ശതമാനത്തിൽ താഴെയാണിത്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയാൽ ദക്ഷിണ കന്നഡയിൽ രോഗവ്യാപനത്തിന്‌ സാധ്യതയുണ്ടെന്ന് കളക്ടർ വ്യക്തമാക്കി.

കേരളത്തിൽ കോവിഡ് വ്യാപനനിരക്ക് അഞ്ചുശതമാനത്തിൽ താഴെ ആയാൽ മാത്രമേ ബസ് സർവീസ് പുനരാരംഭിക്കാനാവൂ. നിലവിൽ ഈ സാഹചര്യമില്ല. ഒരാഴ്ചയ്ക്കുശേഷം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും- കളക്ടർ അറിയിച്ചു.

No comments