Breaking News

വൃക്കയിലെ കല്ല് നീക്കാൻ ശസ്ത്രക്രിയ, വൃക്ക തന്നെ പുറത്തെടുത്ത് ഡോക്ടർ; 11 ലക്ഷം പിഴ ചുമത്തി


വൃക്കയിലെ കല്ലുകൾ നീക്കാന്‍ ആശുപത്രിയിലെത്തിയ രോഗിയുടെ വൃക്ക നീക്കം ചെയ്ത സംഭവത്തിൽ 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ഗുജറാത്തിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്. വൃക്ക നീക്കം ചെയ്യപ്പെട്ട് നാല് മാസത്തിനു ശേഷം രോഗി മരിച്ചു. രോഗിയുടെ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി കെഎംജി ജനറല്‍ ആശുപത്രിക്ക് നിര്‍ദേശം നല്‍കിയത്. സംഭവം നടന്നത് 2012ലാണ്. ഗുജറാത്തിലെ ഖേഡ ജില്ലയിലെ വാൻഗ്രോളി ഗ്രാമത്തിലെ ദേവേന്ദ്രഭായ് റാവലിനാണ് ദാരുണാന്ത്യമുണ്ടായത്. കടുത്ത നടുവേദനയും മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും കാരണം ബാലസിനോർ ടൗണിലെ കെഎംജി ജനറൽ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഡോക്ടർ ശിവുഭായ് പട്ടേലിനെയാണ് കണ്ടത്. 2011 മേയിൽ നടത്തിയ പരിശോധനയിൽ ദേവേന്ദ്രഭായ് റാവലിന്റെ ഇടത് വൃക്കയിൽ കല്ല് കണ്ടെത്തി. തുടർന്ന് സെപ്തംബർ മൂന്നിന് ശസ്ത്രക്രിയ നടത്തി. രോഗിയുടെ ആരോഗ്യം കണക്കിലെടുത്ത് വൃക്ക തന്നെ നീക്കം ചെയ്തെന്ന് ശസ്ത്രക്രിയക്ക് ശേഷം ഡോക്ടര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷവും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുണ്ടായതോടെ ദേവേന്ദ്രഭായ് റാവലിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2012 ജനുവരി 8ന് അന്ത്യം സംഭവിച്ചു. തുടര്‍ന്ന് ദേവേന്ദ്രഭായ് റാവലിന്‍റെ ഭാര്യ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. കല്ല് നീക്കം ചെയ്യാന്‍ സമ്മതം വാങ്ങിയിട്ട് വൃക്ക നീക്കം ചെയ്തത് തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. ഡോക്ടര്‍ ചെയ്ത തെറ്റിന് ആശുപത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് കോടതി നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.

No comments