Breaking News

മംഗളൂരുവിൽ ചിറ്റാരിക്കാൽ സ്വദേശിനിയായ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധം


മംഗളൂരു: സോറി നീന, ഇവിടെ ഫീസാണ് പ്രധാനം, ജീവിതമല്ല... ബുധാനാഴ്ച മംഗളൂരുവിൽ ചിറ്റാരിക്കാല്‍ അരിമ്പ സ്വദേശിയായ നഴ്‌സിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് കോളേജിന്റെയും അഡ്മിഷൻ ഏജന്റിന്റെയും പീഡനത്താലാണെന്ന് ആരോപിച്ച് വിദ്യാർഥികൾ വ്യാഴാഴ്ച നടത്തിയ പ്രതിഷേധപ്രകടനത്തിലെ പ്ലക്കാർഡിലെ വാക്കുകളാണിത്.


ആ വാക്കുകൾ ശരിവെക്കുന്ന തരത്തിലാണ് മംഗളൂരുവിലെ വിദ്യാഭ്യാസ സീറ്റുകൾ ഒരുക്കിനൽകുന്ന ഏജന്റുമാരുടെ പ്രവൃത്തികളും അതിനെ ചോദ്യം ചെയ്യാനോ നടപടിയെടുക്കാനോ ആരും ശ്രമിക്കുന്നുമില്ല.


നഴ്‌സിങ് വിദ്യാർഥിനിയായ നിനയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കോളേജ് മാനേജ്മെന്റിന്റെ പീഡനത്തെക്കുറിച്ച് പോലീസിന് മൊഴിനൽകിയ വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് ഇറക്കിവിടാൻ ശ്രമവും നടന്നു.


മാധ്യമപ്രവർത്തകർ ഇക്കാര്യമറിഞ്ഞ് മംഗളൂരുവിലെ മലയാളിയായ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഹരിറാം ശങ്കറിനെ വിവരമറിയിച്ചു. അദ്ദേഹം ഇടപെട്ടതിനെത്തുടർന്നാണ് ഇറക്കിവിടൽ നീക്കത്തിൽനിന്ന് കോളേജ് അധികൃതർ പിൻമാറിയത്. വ്യാഴാഴ്ച രാവിലെ കൊളാസോ സ്കൂൾ ഓഫ് നഴ്സിങ് കോളജ് ഹോസ്റ്റലിൽ എത്തിയ കദ്രി പോലീസ് സ്റ്റേഷനിലെ പോലീസ് മേധാവിയോടാണ് വിദ്യാർഥിനികൾ പരാതി പറഞ്ഞത്.


അതിനുശേഷം ഹോസ്റ്റലിൽ വന്ന കോളേജ് മാനേജ്മെന്റ് പ്രതിനിധികൾ പരാതിയിൽ ഒപ്പിട്ട വിദ്യാർഥികളോട് ഹോസ്റ്റൽ വിട്ടുപോകണമെന്നാവശ്യപ്പെട്ടു.മാധ്യമപ്രവർത്തകർ വിവരമറിഞ്ഞ് ബന്ധപ്പെട്ടപ്പോൾ പോലീസിന്റെ നിർദേശപ്രകാരമാണ് വിദ്യാർഥികളോട് ഹോസ്റ്റൽ വിടാൻ ആവശ്യപ്പെട്ടതെന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. തുടർന്നാണ് ഹരിറാം ശങ്കർ ഈ വിവരമറിയുന്നതും കദ്രി പൊലീസ് സബ് ഇൻസ്പെക്ടറോട് ഹോസ്റ്റലിൽ എത്തി വിദ്യാർഥികളുടെ പരാതി വിശദമായി കേൾക്കാനും ആവശ്യപ്പെട്ടത്.വിദ്യാർഥികളെ ഹോസ്റ്റലിൽനിന്ന് ഇറക്കിവിടില്ലെന്നും തിങ്കളാഴ്ച പോലീസും കോളേജ് മാനേജ്മെന്റ് പ്രതിനിധികളും ചർച്ചചെയ്ത് വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. മംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ കാസർകോട് ചിറ്റാരിക്കാൽ അരിമ്പയിലെ തൂമ്പുങ്കൽ നിന സതീഷ് (19) ആണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.


നിനയുടെ മരണത്തിനു കാരണക്കാർ കോളേജ് അധികൃതരും അഡ്മിഷൻ ഏജന്റുമാണെന്നാരോപിച്ചും അവർക്കെതിരേ നടപടി ആവശ്യപ്പെട്ടും വ്യാഴാഴ്ച കോളജിനു മുന്നിൽ വിദ്യാർഥികൾ പ്രതിഷേധസമരം സംഘടിപ്പിച്ചു. എ.ബി.വി.പി., കാമ്പസ് ഫ്രണ്ട് തുടങ്ങി വിവിധ വിദ്യാർഥിസംഘടനകളുടെ നേത്വത്തിലായിരുന്നു പ്രതിഷേധം.

No comments