"കപടമതേതരത്വം ഭാരതത്തെ നശിപ്പിക്കും മതേതരത്വം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നൽകുന്നതെന്ന് പാശ്ചാത്യ നാടുകളിൽ നിന്ന് പഠിക്കണം " നിലപാടിലുറച്ച് പാലാ ബിഷപ്പ്
കോട്ടയം: കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കുമെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. കുറവിലങ്ങാട് പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ദീപികയിൽ പുതിയ ലേഖനം എഴുതിയിരിക്കുന്നത്. വിവാദത്തിന് ശേഷം ഇതാദ്യമായാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിലപാട് വ്യക്തമാക്കുന്നത്. തുറന്നു പറയേണ്ടപ്പോൾ നിശബ്ദനാകരുത് എന്ന തലക്കെട്ടിലാണ് ദീപികയിലെ ലേഖനം.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ആദർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലേഖനം എഴുതിയിരിക്കുന്നത്. എങ്കിലും തന്റെ പഴയ നിലപാടുകൾ വളരെ കൃത്യമായി മാർ ജോസഫ് കല്ലറങ്ങാട്ട് ലേഖനത്തിൽ എടുത്തുകാട്ടുന്നുണ്ട്.
കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കുമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ലേഖനത്തിൽ വിശദീകരിക്കുന്നു. തിന്മകൾക്കെതിരെ ഒരുമിച്ച് കൈകോർക്കുന്നത് കൊണ്ട് മതമൈത്രി തകരില്ല എന്നും അദ്ദേഹം പറയുന്നു. മതേതരത്വം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നൽകുന്നതെന്ന് പാശ്ചാത്യ നാടുകളിൽ നിന്ന് പഠിക്കണം എന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു. മതേതരത്വം കൊണ്ട് ആർക്കാണ് ഗുണം എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നു. മതേതര വഴികളിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തിപ്പെടുമോ എന്നതാണ് ഇന്ന് നിലനിൽക്കുന്ന ആശങ്ക എന്നും അദ്ദേഹം പറയുന്നു.
പുരോഗമന ചിന്തയുടെ വെളിച്ചത്തിൽ സ്വന്തം സമുദായത്തെ തള്ളിപ്പറയണം എന്ന് ചിലർ ശഠിക്കുന്നതായി മാർ ജോസഫ് കല്ലറങ്ങാട്ട് ലേഖനത്തിൽ എഴുതിയിട്ടുണ്ട്. സമുദായത്തെ കാർന്നു തിന്നുന്ന തിന്മകളെ കുറിച്ച് സംസാരിക്കാൻ പാടില്ലെന്നും ചിലർ പറയുന്നു. എന്നാൽ തുറന്നുപറയേണ്ട സമയത്ത് നിശബ്ദനായി ഇരിക്കരുത് എന്നാണ് ഗാന്ധിജി പഠിപ്പിക്കുന്നത് എന്നും ജോസഫ് കല്ലറങ്ങാട്ട് ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നു.
സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാട്ടിയത് വഴി മതമൈത്രിയോ മനുഷ്യ മൈത്രിയോ നഷ്ടപ്പെടുന്നില്ല. തിന്മകളോട് സന്ധി ചെയ്യുമ്പോഴാണ് മൈത്രി നഷ്ടപ്പെടുന്നത്. സ്വന്തം മതത്തെക്കുറിച്ച് സംസാരിക്കാതെ ഇരിക്കുന്നത് അല്ല മതേതരത്വം. അന്യമത വിദ്വേഷവും വിരോധവും ഉപേക്ഷിക്കുന്നതാണ് മതേതരത്വം എന്നും ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ഭയം ഇല്ലാതാക്കാൻ തീവ്ര ആശയ അടിമത്തത്തിൽ നിന്ന് നാം മോചിതരാകണം എന്ന് ആഹ്വാനവും ജോസഫ് കല്ലറങ്ങാട്ട് ലേഖനത്തിൽ നൽകുന്നുണ്ട്.
വിവാദത്തിന് ശേഷം ഇതാദ്യമായാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിക്കുന്നത്. അതേസമയം പുതിയ ലേഖനത്തിൽ നാർകോട്ടിക് ജിഹാദ്, ലൗ ജിഹാദ് എന്നീ പ്രയോഗങ്ങൾ ഒന്നുംതന്നെ നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇത്തരം പ്രയോഗങ്ങൾ ഒന്നുമില്ലെങ്കിലും കഴിഞ്ഞ ഒരു മാസത്തിലധികമായി നടന്ന വിവാദങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് മാർ ജോസഫ് കല്ലറങ്ങാട്ട്. മുഖ്യമന്ത്രി ഉൾപ്പെടെ ബിഷപ്പിനെ കടുത്ത ഭാഷയിലാണ് നേരത്തെ വിമർശിച്ചിരുന്നത്. പാലാ ബിഷപ്പ് മാപ്പുപറയണമെന്നും ആവശ്യം ശക്തമായിരുന്നു. അതിനിടെയാണ് നിലപാട് ആവർത്തിച്ച് അദ്ദേഹം രംഗത്തു വരുന്നത്. നിലവിൽ കേരളത്തിൽ കണ്ടത് കപട മതേതരത്വം ആണെന്ന വിമർശനത്തിലൂടെടെയാണ് ഫലത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പാലാ ബിഷപ്പ് മറുപടി നൽകുന്നത്.
No comments