Breaking News

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐ ജി




മോഷണക്കുറ്റമാരോപിച്ച് ആറ്റിങ്ങലിൽ എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ കുറ്റക്കാരിയയായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐ ജി. ഉദ്യോഗസ്ഥ വരുത്തിയ വീഴ്ചയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി ഹർഷത അത്തല്ലൂരി പറഞ്ഞു. ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. മോശം ഭാഷയോ, ജാതി അധിക്ഷേപമോ ഉദ്യോഗസ്ഥ നടത്തിയതായി തെളിവില്ലെന്നും ഐജി ചൂണ്ടിക്കാട്ടി.




തെറ്റ് പറ്റിയത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറയാത്തത് ഉൾപ്പെടെ ഗുരുതര വീഴ്ച്ച സംഭവിച്ചു. കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹർഷത അത്തല്ലൂരി ഡിജിപിക്ക് റിപ്പോർട്ട് നൽകി.

എന്നാൽ റിപ്പോർട്ടിനോട് ഒരിക്കലും യോജിക്കുന്നില്ലെന്ന് ജയചന്ദ്രൻ 24 നോട് പറഞ്ഞു. ഞാനും സമൂഹവും ഒരിക്കലും യോജിക്കുന്നില്ല ജനങ്ങൾ എനിക്കൊപ്പം ഉണ്ടെന്ന വിശ്വാസം ഉണ്ട്. ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം കൂടുതൽ പ്രതിഷേധവുമായി മുന്നോട്ട് പോകും. ഐജി ഹർഷത അത്തല്ലൂരി ഉൾപ്പെടെയുള്ളവർ കേസുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥയെ ജോലിയിൽ നിന്ന് മാറ്റി നിർത്തണം. അല്ലാത്തപക്ഷം കൂടുതൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ജയചന്ദ്രൻ പ്രതികരിച്ചു.




സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു. സംഭവം വിവാദമായത്തോടെ പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

No comments