85 വയസിലും കുലത്തൊഴിൽ നെഞ്ചോട് ചേർത്ത് ഒടയഞ്ചാൽ ഉദയപുരത്തെ കാരിച്ചിയമ്മ
ഒടയഞ്ചാൽ: ഉദയപുരം പണാംകോട് പട്ടികവർഗ്ഗ കോളനിയിൽ മാവിലൻ സമുദായത്തിൽപ്പെട്ട കാരിച്ചിയമ്മ 85 വയസായിട്ടും പ്രായത്തെ വക വയ്ക്കാതെ തൻ്റെ തനതു കുലത്തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ്. അന്യം നിന്നു പോകുന്ന കുലത്തൊഴിൽ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണം എന്നുണ്ട് കാരിച്ചിയമ്മക്ക്, പക്ഷെ സമൂഹമാധ്യമങ്ങളിലും ഇൻ്റർനെറ്റിലും തളച്ചിടപ്പെട്ട പുതിയ തലമുറക്ക് പാരമ്പര്യ കുലത്തൊഴിലിൻ്റെ മഹിമയും പ്രാധാന്യവും തിരിച്ചറിയാനാവാത്തത് ആശങ്കയോടെയാണ് ഈ അമ്മ നോക്കുന്നത്.
വളരെ ചെറുപ്രായത്തിൽ അച്ഛനമ്മമാരിൽ നിന്നും സ്വായത്തമാക്കിയതാണ് ഈ തൊഴിൽ. തെങ്ങോലയുടെ ഈർക്കിൾ കളഞ്ഞതിനു ശേഷം വെള്ളത്തിൽ കുതിർന്ന ഓല ഉപയോഗിച്ചിട്ടാണ്
പായ,തൊപ്പി, ചെറിയ കൊട്ട, പാച്ചക്കുരിയ എന്നീവ ഉണ്ടാക്കുന്നത്. സാങ്കേതിക വിദ്യയുടെ പുറകെ പോകുന്ന പുതിയ സമൂഹത്തിൽ ഉയർന്ന ഗുണനിലവാരവും പ്രകൃതി സൗഹൃദവുമായ ഇവരുടെ ഉൽപ്പന്നങ്ങൾ പിൻതള്ളപ്പെട്ടു പോകുന്നുണ്ട്. ചിലർ കാൽനടയായി വീടുകളിൽ ഉൽപ്പന്നങ്ങൾ എത്തിച്ച് വിൽപ്പന നടത്തി വരുന്നുണ്ട്. ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് ഇവരുടെ പ്രകൃതിദത്ത പാരമ്പരാഗത കുലത്തൊഴിൽ ഉൽപ്പന്നങ്ങൾക്ക് നല്ലൊരു മൂല്യം ഉണ്ടാക്കിയാൽ ഈ മേഖലയിലുള്ളവർക്ക് അത് വലിയ സഹായവും പ്രചോദനവുമായി മാറും
No comments