106ൻ്റെ നിറവിലും ഊർജ്ജസ്വലയായി വെള്ളരിക്കുണ്ട് കരുവുള്ളടുക്കത്തെ മറിയാമ്മ ചേടത്തി ചിട്ടയായ ജീവിത രീതിയാണ് ചേടത്തിയുടെ ആരോഗ്യ രഹസ്യം
വെള്ളരിക്കുണ്ട്: 106ൻ്റെ നിറവിലും വെള്ളരിക്കുണ്ട് കരുവുള്ളടുക്കത്തെ മറിയാമ്മ ചേടത്തിയുടെ ചിട്ടവട്ടങ്ങൾക്ക് അണുകിട വ്യത്യാസമില്ല. രാവിലെ ഉണർന്ന് കാപ്പി കുടിക്കുന്നത് മുതൽ അത്താഴം വരെ ഭക്ഷണത്തിന് കൃത്യമായ ക്രമമുണ്ട്. നോൺവെജ് ആണ് ശീലമെങ്കിലും എല്ലാ ഇറച്ചികളും കഴിക്കില്ല. ബീഫ് മാത്രമാണ് ഇറച്ചി ഇനത്തിൽ കഴിക്കുക. വയസ് ഇത്രയുമായെങ്കിലും ഇന്നത്തെ ചെറിയ പ്രായക്കാരെ പോലും അലട്ടുന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളൊന്നും മറിയാമ്മ ചേടത്തിയെ അലട്ടുന്നില്ല.
ഈ പ്രായത്തിലും കാഴ്ച്ചാ പ്രശ്നങ്ങളൊന്നും കാര്യമായി ബാധിച്ചിട്ടില്ല. ചിട്ടയായ ഭക്ഷണ രീതി പിന്തുടരുന്നതിനാൽ ആശുപത്രി സന്ദർശനവും തീരെ വിരളമാണ്.
പരേതനായ അറയ്ക്കൽ പൗലോസിൻ്റെ ഭാര്യയായ മറിയാമ്മ ചുമലപ്പറമ്പിൽ കുടുംബാംഗമാണ്. അഞ്ച് തലമുറകളെ കണ്ട ഈ പേരമ്മക്ക് ഇപ്പോഴും വീട്ടുകാര്യങ്ങളിൽ നല്ല ജാഗ്രതയാണ്. മക്കളുടേയും കൊച്ചുമക്കളുടേയും വിശേഷങ്ങളും സുഖവിവരങ്ങളും തിരക്കും. മുറ്റത്തെ പൂച്ചെടികളും അടുക്കളത്തോട്ടവും പരിപാലിക്കുന്നതിൽ ഈ പ്രായത്തിലും ശ്രദ്ധ ചെലുത്തുണ്ട് മറിയാമ്മ ചേടത്തി. സദാസമയവും കിടന്നുറങ്ങുന്ന ശീലം ഇവർക്കില്ല.
പടിമരുതുള്ള മൂത്തമകൻ സേവ്യറിനോടൊപ്പമായിരുന്നു ഇത്രയും കാലം താമസം, അവരുടെ മരണശേഷം ഇപ്പോൾ രണ്ടാമത്തെ മകൻ അറയ്ക്കൽ ജോസിനോടൊപ്പം വെള്ളരിക്കുണ്ട് കരുവുള്ളടുക്കത്താണ് താമസം. രണ്ട് ആണും ഒരു പെണ്ണും ഉൾപ്പടെ മൂന്ന് മക്കളാണ്. മകൾ മരിയ മാലോം പുല്ലടിയിലാണ് താമസം.
1979ലാണ് മറിയാമ്മ ചേടത്തി കോട്ടയത്തുനിന്നും മലബാറിലേക്ക് വന്നത്. ആദ്യം മലബാർ എന്ന് കേൾക്കുമ്പോൾ ഭയമായിരുന്നെങ്കിലും ഇവിടെ എത്തിയപ്പോൾ മലനാടിൻ്റെ പൊന്ന് കായ്ക്കുന്ന ഭൂമി ഏറെ ഇഷ്ടപ്പെട്ടു. ഇന്ന് ജന്മനാടിനേക്കാൾ സൗകര്യം ഇവിടെയുണ്ട്. പള്ളിയും പള്ളിക്കൂടവുമെല്ലാം വന്നു.
എന്താണ് ഇനി ആഗ്രഹം എന്ന് ചോദിച്ചപ്പോൾ "ആർക്കും ബുദ്ധിമുട്ടാകാതെ കിടപ്പിലാവാതെ കണ്ണടയ്ക്കണം" എന്നാണ് മറുപടി
No comments