Breaking News

മുളകൃഷിയിൽ വിജയഗാഥ തീർത്ത് പരപ്പ വട്ടിപ്പുന്നയിലെ ദിവാകരൻ നമ്പ്യാർ 5 ഏക്കറിൽ 600ഓളം വ്യത്യസ്തയിനം മുളകളാണ് തഴച്ചുവളരുന്നത്


 

പരപ്പ: തൻ്റെ കൃഷിയിടത്തിൽ വ്യത്യസ്തവും നൂതനവുമായ കൃഷിരീതികൾ പരീക്ഷിച്ച് വിജയിച്ച് ശ്രദ്ധേയനായ പരപ്പ വട്ടിപുന്നയിലെ ദിവാകരൻ നമ്പ്യാർ മുളകൃഷിയിലൂടെ വിജയം കൊയ്യുകയാണ്. റബർ മുറിച്ച് മാറ്റിയ 5 ഏക്കർ സഥലത്താണ് 600 ഓളം വിവിധയിനത്തിൽപെട്ട മുളകൾ കൃഷി ചെയ്തത്. ബെംഗളൂരു, അസം എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവന്ന മുള്ളില്ലാത്ത ടെഡ്രൊകലാമസ് ബ്രാണ്ടിസി, ട്രോക്സി ,ഒലിവറി,ആസ്റ്റർ, തുൾഡാം എന്നീ ഇനത്തിൽ പെട്ട 2 വർഷം പ്രായമുള്ള മുളകളാണ് മലമുകളിൽ പച്ച വിരിയിച്ച് നിരന്ന് നിൽക്കുന്നത്.
അഞ്ചാം വർഷം മുതൽ ആദായം ലഭിച്ചു തുടങ്ങുന്ന മുളക്കൃഷി നഷ്ടത്തിലോടുന്ന കാർഷികമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് 74 കാരനായ ഈ പരമ്പരാഗത കർഷകൻ പറയുന്നു. വളപ്രയോഗമൊ മരുന്ന് തെളിയോ ആവശ്യമില്ല. നട്ട് ആദ്യ രണ്ട് വർഷം ഇടക്കാടുകൾ വെട്ടിക്കളയുകയും ഓരോ ചുവട്ടിലെയും അധികമുള്ള ചിനപ്പുകൾ മുറിച്ച് മാറ്റുകയും മാത്രം ചെയ്താൽ മതി. മറ്റ് പരിരക്ഷകൾ ഒന്നും വേണ്ടതില്ല. അഞ്ചാം വർഷം മുതൽ ഓരോ ചുവടിൽ നിന്നും 3000 രൂപയുടെ മുളകൾ ലഭിച്ച് തുടങ്ങും.
ഈ ഇനം മുളകൾ പൂക്കാത്തതിനാൽ 50 വർഷം വരെ ആദായം ലഭിക്കുകയും ചെയ്യും. ‍കൂടാതെ മണ്ണൊലിപ്പ് ഇല്ലാത്തിനാൽ ജൈവ സ്രോതസ് നഷ്ടമാകാതെ നിലനിൽക്കുകയും ജലസമൃദ്ധി വർധിക്കുകയും ചെയ്യുന്നു.മാത്രമല്ല പക്ഷികളുടെയും വിവിധ ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമായി കൂടി മാറുകയാണ് മുളതോട്ടം.
പേപ്പർ വ്യവസായത്തിന് പുറമെ വിവിധയിനം ഫർണിച്ചർ, വഞ്ചിവീട് നിർമാണം, നിലം ഫ്ലോറിങ്, ചന്ദനത്തിരി നിർമാണം, കരകൗശല വസ്തുക്കൾ എന്നിവയ്ക്കാണ് ഇത്തരം മുളകൾ ഉപയോഗിക്കുന്നത്. കൃഷി നഷ്ടത്തിലാണെന്ന് വിലപിക്കാതെ പുതിയ ആശയങ്ങൾ ഉൾക്കൊണ്ട് കാലോചിതമായ മാറ്റം വരുത്തി ചെലവു കുറഞ്ഞ വ്യത്യസ്തമായ കൃഷിരീതികളിലേക്ക് കർഷകർ മാറിയാൽ ഈ മേഖലയിൽ വിജയം കൊയ്യാൻ കഴിയുമെന്ന് ദിവാകരൻ നമ്പ്യാരുടെ കൃഷി ജീവിതം നമ്മെ പഠിപ്പിക്കുന്നു.

No comments