Breaking News

ബംഗാളിൽ നിന്ന് പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു വന്നു, 23 കാരൻ പയ്യന്നൂർ പോലീസിന്റെ പിടിയിൽ


പയ്യന്നൂര്‍: പ്രണയം നടിച്ച് ബംഗാളില്‍ നിന്നും 16കാരിയായ വിദ്യാര്‍ഥിനിയെ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച യുവാവ് പയ്യന്നൂര്‍ പോലിസിന്റെ പിടിയിലായി.പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുവന്ന വെസ്റ്റ് ബംഗാള്‍ ഔറംഗബാദിലെ രാഹുല്‍ റോയ്(23)യെയാണ് പയ്യന്നൂര്‍ എസ്.ഐ പി.വിജേഷും സംഘവും കസ്റ്റഡിയിലെടുത്തത്.


നാട്ടില്‍ ഭാര്യയും ഒരു കുട്ടിയുമുള്ള ഇയാള്‍ പ്രണയം നടിച്ചാണ് വിദ്യാര്‍ഥിനിയെ കേരളത്തിലേക്ക് കടത്തികൊണ്ടുവന്നത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നാട്ടിലെ പോലിസില്‍ പരാതി നല്‍കിയിരുന്നു.കേസെടുത്ത പോലിസ് വിവിധ സ്റ്റേഷനുകളില്‍ വിവരം കൈമാറുന്നതിനിടെ പയ്യന്നൂരിലും വിവരം നല്‍കിയിരുന്നു. സ്വിച്ച് ഓഫാക്കിയ മൊബൈല്‍ ഫോണ്‍ പയ്യന്നൂരില്‍ എത്തി ഓണാക്കിയതോടെ ടവര്‍ ലൊക്കേഷന്‍ കിട്ടിയതോടെ പയ്യന്നൂര്‍ പോലിസില്‍ വിവരം കൈമാറുകയായിരുന്നു.


പിന്നീട് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്തുകയായിരുന്നു. നേരത്തെ ഇയാള്‍ പഴയങ്ങാടിയില്‍ ജോലി ചെയ്തതായി കുട്ടിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ജോലി ചെയ്തിരുന്ന സ്ഥലം മനസിലാക്കി തൊട്ടുപിന്നാലെ വന്ന ട്രെയിനില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും ഇരുവരെയും പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ഇയാള്‍ പഴയങ്ങാടിയിലെത്താതെ പയ്യന്നൂരില്‍ ഇറങ്ങുകയായിരുന്നു.ഇതിനുപിന്നാലെ ഔറംഗബാദ് പോലിസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ എസ്.ഐ പി.വിജേഷിന്റെ നേതൃത്വത്തിലും അന്വേഷണമാരംഭിച്ചിരുന്നു. പിന്നീട് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബന്ധുക്കള്‍ ഇരുവരേയും കണ്ടെത്തുകയും ചെയ്തു.


തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് രാഹുല്‍ റോയിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത സാഹചര്യത്തില്‍ വെസ്റ്റ് ബംഗാള്‍ പോലിസിന് യുവാവിനെ കൈമാറും.

No comments