Breaking News

'ജോലി-ഉറക്കം, ശമ്പളം-25 ലക്ഷം'; ഉറങ്ങി പണിയെടുക്കാൻ ആളെ ആവശ്യമുണ്ട്


കിടക്കയില്‍ കിടന്ന് നെറ്റ്ഫ്ലിക്സും യൂ ട്യൂബും കണ്ടൊരു ജോലി ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇനി അതും കഴിഞ്ഞ്, മടുക്കുവോളം ഉറങ്ങണോ, അതിനും അവസരമുണ്ട്. ബ്രിട്ടണ്‍ ആസ്ഥാനമായ ആഡംബര ബെഡ് കമ്പനിയായ ക്രാഫ്റ്റഡ് ബെഡ്സ് ആണ് വ്യത്യസ്തമായ ഒരു ജോലി ഓഫര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. ഉറക്കമാണ് ജോലിയെങ്കിലും നിങ്ങള്‍ 'പ്രൊഫഷണല്‍ മാട്രസ് ടെസ്റ്റര്‍' എന്ന പേരിലാകും അറിയപ്പെടുക. നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഉറങ്ങികൊണ്ടായിരിക്കണമെന്നാണ് കമ്പനി ജോലിക്കാര്‍ക്ക് മുന്നില്‍ വെക്കുന്ന പ്രധാന ഉപാധി


കമ്പനി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയാണെങ്കില്‍ നിങ്ങളുടെ ജോലിക്ക് സ്വപ്നസമാനമായ ശമ്പളവും വാഗ്ദാനം ചെയ്യുന്നുണ്ട്. ആഴ്ച്ചയില്‍ 37.5 മണിക്കൂര്‍ നിങ്ങള്‍ ജോലി ചെയ്താല്‍ ഏകദ്ദേശം ഇരുപത്തിയഞ്ച് ലക്ഷം ( 2450695) രൂപയാണ് നിങ്ങളുടെ അക്കൗണ്ടിലെത്തുക. വീട്ടില്‍ നിന്നാണ് ജോലി ചെയ്യേണ്ടതെങ്കിലും ബ്രിട്ടണില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ് കമ്പനി നിലവില്‍ ജോലി ഓഫര്‍ നല്‍കുന്നത്. ജോലിക്ക് അപേക്ഷിക്കുന്നവര്‍ 18 വയസ്സ് പൂര്‍ത്തിയാക്കണമെന്നും കമ്പനി നിഷ്കര്‍ഷിക്കുന്നു. സാധാരണ ഉറങ്ങുന്ന പ്രകാരമുള്ള സേവനമല്ല കമ്പനി ഈ ജോലിയിലൂടെ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഓരോ ആഴ്ച്ചയും കമ്പനി നല്‍കുന്ന മെത്തയില്‍ വേണം നിങ്ങള്‍ കിടക്കാന്‍. വീട്ടിലേക്ക് അയച്ചുതരുന്ന മെത്തയില്‍ കിടന്ന് നിങ്ങള്‍ അതില്‍ കിടന്നതിന്‍റെ അനുഭവം കമ്പനിക്ക് എഴുതി നല്‍കണം. മെത്തയുടെ സ്വഭാവം, എത്ര സുഖകരമായിരുന്നു അതില്‍ കിടന്നപ്പോഴുള്ള അനുഭവം എന്നിവയാണ് കമ്പനി ഇതിലൂടെ നിങ്ങളില്‍ നിന്നും ശേഖരിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയിലുള്ള മെത്തയനുഭവം സമ്മാനിക്കാനാണ് ക്രാഫ്റ്റഡ് ബെഡ്സ് നൂതന ജോലി ഓഫറുമായി മുന്നോട്ടുവന്നത്.

No comments