Breaking News

കണ്ണൂരിൽ നിന്നും ​ഗവിയിലേക്ക് ഉല്ലാസയാത്ര ബസുമായി KSRTC; വനത്തിനുള്ളിൽ രാത്രി തങ്ങാം



കണ്ണൂര്‍: വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് ഗവി സർവീസാണ് പുതിയതായി തുടങ്ങാൻ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. ഡിസംബർ ആദ്യവാരം മുതൽ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.


സഞ്ചാരികളെ പത്തനംതിട്ടയിൽ എത്തിച്ച് അവിടെ നിന്ന് സെമി ബസിൽ ഗവിയിൽ കൊണ്ടുപോകും. ഇതിനായി 16 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബസാണ് ഒരുക്കുന്നത്. പത്തനംതിട്ടയിൽ നിന്നാരംഭിക്കുന്ന സർവീസ് മണിയാർ, മൂഴിയാർ, കക്കി, ആനത്തോട് വഴി ഗവിയിലെത്തും. ഒരു രാത്രി ബസിൽത്തന്നെ ഗവിയിൽ താമസിക്കാനുള്ള സൗകര്യവും ഒരുക്കും. വനം വകുപ്പിന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുന്നത്.


ടിക്കറ്റേതര വരുമാനം എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു സംരംഭത്തിന് കെ.എസ്.ആർ.ടി.സി. തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ 23-ന് ബജറ്റ് ടൂറിസം സെൽ എന്ന് പേരിൽ പ്രത്യേക വിഭാഗം കെ.എസ്.ആർ.ടി.സി. തുടങ്ങിയിരുന്നു. ഓരോ ജില്ലയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസേന സർവീസ് നടത്താനാണ് ശ്രമം. മലപ്പുറം-മൂന്നാർ ടൂറിസം സർവീസിന്റെ വമ്പൻ വിജയത്തിന് പിന്നാലെയാണ് പുതിയ സാധ്യതകൾ കെ.എസ്.ആർ.ടി.സി. തേടിയത്.


കഴിഞ്ഞ ഒക്ടോബർ 18-നാണ് മലപ്പുറം ഡിപ്പോയിൽനിന്ന് മൂന്നാറിലേക്ക് വിനോദസഞ്ചാരികൾക്കായുള്ള പ്രത്യേക സർവീസ് ആരംഭിച്ചത്. ഒരു ലോ ഫ്ളോർ എ.സി. ബസടക്കം മൂന്ന് വണ്ടികളാണ് സർവീസ് നടത്തിയിരുന്നത്. സർവീസ് തുടങ്ങി രണ്ടാഴ്ചകൊണ്ട് 635-പേരാണ് ഈ ബസുകളിലെത്തി മൂന്നാർ സന്ദർശിച്ചത്. ഇതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം, അടൂർ, പാലാ ഡിപ്പോകളിൽനിന്നും മൂന്നാറിലേക്ക് ടൂറിസം ട്രിപ്പുകൾ തുടങ്ങി. കൂടാതെ തിരുവല്ല, പാലാ ഡിപ്പോകളിൽനിന്ന് ചാലക്കുടി മലക്കപ്പാറയ്ക്കും സർവീസ് തുടങ്ങി.


തുടക്കത്തിൽ ഒറ്റ സർവീസുകളാണ് ഡിപ്പോകളിൽ നിന്ന് ഇതിനായി വിനിയോഗിച്ചതെങ്കിലും പിന്നീട് യാത്രക്കാരുടെ എണ്ണം കൂടിയതോടെ സർവീസുകളും ഇരട്ടിയാക്കി.


കൂടുതൽ പദ്ധതികൾ


ഗവിയിലേക്കുള്ള ടൂറിസം പദ്ധതി, കെ.എസ്.ആർ.ടി.സി.യുടെ ടിക്കറ്റേതര വരുമാനത്തിനുള്ള പ്രധാന കാൽവെപ്പാണ്. കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാൻ കഴിയുന്ന പുതിയ പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്.

No comments