Breaking News

വ്യാജരേഖ ചമച്ച്‌ 1.34 ഏക്കര്‍ ഭൂമി തട്ടിയെടുത്തു; കാസർകോട് ആധാരമെഴുത്തുകാരന്‍ അറസ്റ്റില്‍.


കാസർകോട്: വ്യാജരേഖ ചമച്ച്‌ ഭൂമി തട്ടിയെടുത്ത കേസില്‍ ആധാരമെഴുത്തുകാരന്‍ അറസ്റ്റില്‍.

കാസര്‍കോട് പള്ളം റോഡ് ആശ്രയയില്‍ സി.വിശ്വനാഥ കാമത്തി(55)നെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. ഭൂമി സ്വന്തം പേരിലാക്കാന്‍ തട്ടിപ്പ് നടത്തിയ ഒന്നാം പ്രതി അരിയപ്പാടി വൈ.എ. ഹൗസില്‍ വൈ.എ.മുഹമ്മദ് കുഞ്ഞി (39) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

മുഗു കറുവം കുഡ്ലു ഹൗസില്‍ വാണി എന്‍.ഭട്ട് ബദിയടുക്ക പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 2019ലാണ് പരാതിക്കാധാരമായ സംഭവം നടന്നത്. വാണി എന്‍ ഭട്ടിന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്ന ചോമാറുവിന് 1981-ല്‍ പട്ടയപ്രകാരം ലഭിച്ച 1.34 ഏക്കര്‍ ഭൂമിയാണ് ഇവര്‍ തട്ടിയെടുത്തത്. ചോമാറുവിന്റെ മരണശേഷം മക്കള്‍ 1986-ല്‍ വാണി എന്‍.ഭട്ടിന്റെ ഭര്‍ത്തൃസഹോദരന്‍ കൃഷ്ണഭട്ടിന് സ്ഥലം വിറ്റിരുന്നു. 1994-ല്‍ ആ ഭൂമി കൃഷ്ണഭട്ടില്‍നിന്ന് വാണി എന്‍.ഭട്ട് വാങ്ങി.

എന്നാല്‍ ചോമാറുവിനുപകരം ചോമു എന്ന സ്ത്രീയെ മുന്‍നിര്‍ത്തി ചോമാറു എന്ന ചോമു എന്ന് ആധാരത്തില്‍ രേഖപ്പെടുത്തി മുഹമ്മദ് കുഞ്ഞിയുടെ പേരില്‍ വ്യാജ ആധാരം നിര്‍മ്മിച്ചാണ് ഭൂമി തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തിന്റെ കൈവശ സര്‍ട്ടിഫിക്കറ്റോ നികുതി രസീതോ വില്‍ക്കുന്ന ആളിന്റെ തിരിച്ചറിയല്‍ രേഖകളോ പരിശോധിക്കാതെ മുഹമ്മദ്കുഞ്ഞിയുടെ പേരില്‍ വ്യാജ ആധാരം തയ്യാറാക്കിയതിനാണ് അഭിഭാഷകന്‍ കൂടിയായ വിശ്വനാഥ കാമത്തിനെ അറസ്റ്റ് ചെയ്തത്.

വസ്തു ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസ് പരിധിയിലാണെങ്കിലും വ്യാജ ആധാരം രജിസ്റ്റര്‍ചെയ്തത് കാസര്‍കോട് സബ് രജിസ്ട്രാര്‍ ഓഫീസിലാണ്. മുഹമ്മദ് കുഞ്ഞി ഭൂമിയില്‍ നിര്‍മ്മാണപ്രവൃത്തി തുടങ്ങിയപ്പോഴാണ് വാണി എന്‍.ഭട്ട് പൊലീസില്‍ പരാതിപ്പെട്ടത്. ബദിയടുക്ക എസ്‌ഐ. സി.സുമേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കര്‍ണാടകയിലേക്ക് കടന്ന മുഹമ്മദ് കുഞ്ഞിക്കായി അന്വേഷണം വ്യാപിപ്പിച്ചതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്‌ഐ. പറഞ്ഞു.

No comments