Breaking News

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്; പൊതുകടം 32.07 % ആയി ഉയർന്നു




സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം പൊതുകടം 32.07 ശതമാനമായി ഉയർന്നു. മുൻ വർഷത്തെക്കാൾ 1.02 ശതമാനമാണ് കടം വർധിച്ചത്.



സംസ്ഥാനത്തിന്റെ മൊത്തം കടം 2,74,136 കോടി രൂപയാണ്. കടം വാങ്ങുന്നത് തുടരുകയാണെങ്കിൽ ഭാവി തലമുറക്ക് ഭാരമാകുമെന്ന് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ റവന്യു ധന കമ്മികൾ നിയന്ത്രിക്കണമെന്നും സിഎജി റിപ്പോർട്ടിൽ നിർദേശിച്ചു.


റവന്യു വരുമാനത്തിൽ വലിയ വർധനയാണ് സംസ്ഥാനത്തുണ്ടായത്. 31 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2015-16 ൽ 69,033 കോടി രൂപയായിരുന്നു റവന്യു വരുമാനം. 2019 -20 ൽ ഇത് 90,225 കോടി രൂപയായി. എന്നാൽ സർക്കാരിനെ ആശങ്കയിലാക്കി റവന്യു വരുമാനത്തിന്റെ 21 ശതമാനം വിനിയോഗിച്ചത് പലിശയടക്കാനാണ്.

മുൻ സാമ്പത്തിക വർഷങ്ങളിലെ അധിക ചെലവ് ക്രമപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2011 മുതൽ 2018 വരെ ക്രമപ്പെടുത്താത്തത് 4735 കോടി രൂപയാണ്. അപര്യാപ്തമായ ചെലവ് നിയന്ത്രണമാണ് നടക്കുന്നതെന്ന് സി.എ.ജി റിപ്പോർട്ടിൽ ആരോപിച്ചു.




അതിനിടെ, പ്രളയ മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജല നയത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഗുരുതരമായ പാളിച്ചകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നതാണ് സിഎജി റിപ്പോർട്ട്. 2018 ലെ പ്രളയ സമയത്ത് ഇടമലയാർ റിസർവോയറിമ് റൂൾ കർവ് ഉണ്ടായിരുന്നില്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഫ്‌ളഡ് ഹസാർഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തൽസമയ ഡേറ്റ ലഭിക്കാൻ സംവിധാനം ഇല്ലെന്നും 2018 ലെ പ്രളയ ശേഷവും അണക്കെട്ട് സൈറ്റും സർക്കാർ ഓഫിസുകളിലെയും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും സിഎജി റിപ്പോർട്ട് വിലയിരുത്തുന്നു.

1983 രൂപീകരിച്ച ഇടുക്കി റിസർവോയറിന്റെ റൂൾ കർവ് പുനരവലോകനം ചെയ്തില്ലെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചെറുതോണി നദിതീരത്തെ കയ്യേറ്റങ്ങൾ നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി. ഇത് 2018 ലെ പ്രളയത്തിൽ നാശ നഷ്ടങ്ങൾക്ക് കാരണമായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രളയ ഭീഷണി ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം ഉണ്ടായില്ല. ചെങ്കൽ തോട്ടിലെ വെള്ളം പെരിയാർ നദിയിലേയ്ക്ക് വഴി തിരിച്ചു വിടാനുള്ള കനാൽ ഉണ്ടായിരുന്നില്ല. തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ്ങ് ചാനൽ ആഴവും, വീതിയും കൂട്ടാനുള്ള ഡ്രെഡ്ജിംഗ് ലക്ഷ്യം കണ്ടില്ല. സ്പിൽവെ കവാടത്തിലെ 500 ലധികം മരങ്ങൾ സ്പിൽവെ ശേഷി കുറച്ചു. 2018 ലെ ആലപ്പുഴയിൽ പ്രളയ സാഹചര്യത്തിന് ഇത് കാരണമായെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

2018 പ്രളയത്തെ തുടർന്നുള്ള അറ്റകുറ്റപണികൾ പൂർത്തിയായത് 18 ശതമാനം മാത്രമാണ്. 2021 ഏപ്രിൽ വരെയുള്ള കണക്കാണ് സിഎജി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

No comments