Breaking News

ശ്രീകണ്ഠപുരത്ത് ഓൺലൈനിൽ 299 രൂപയുടെ ചുരിദാർ ടോപ് ഓർഡർ ചെയ്ത യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്ത സംഭവം; പ്രതികൾ പശ്ചിമബംഗാൾ സ്വദേശികൾ


ശ്രീകണ്ഠപുരം : ഓണ്‍ലൈനില്‍ 299 രൂപയുടെ ചുരിദാര്‍ ടോപ് ഓര്‍ഡര്‍ ചെയ്ത യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്തത് പശ്ചിമബംഗാള്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു.


കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടന്‍വീട്ടില്‍ രജനയുടെ പണമാണ് കഴിഞ്ഞ ദിവസം തട്ടിയെടുത്തത്.

തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ മേല്‍നോട്ടത്തില്‍ ശ്രീകണ്ഠപുരം എസ്.ഐ സുബീഷ്മോന്‍ നടത്തിയ അന്വേഷണത്തിലാണ് പണം പശ്ചിമബംഗാള്‍ സ്വദേശികളായ മൂന്നുപേരുടെ അക്കൗണ്ടിലാണ് എത്തിയതെന്ന് തെളിഞ്ഞത്. ഇവരുടെ ഫോണ്‍ നമ്പറും മേല്‍വിലാസവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ സിം എടുക്കാന്‍ ഉപയോഗിച്ച വിലാസമാണ് പൊലീസിന് ലഭിച്ചത്.


എന്നാല്‍, ഈ വിലാസം യഥാര്‍ഥമാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ പശ്ചിമബംഗാളിലേക്ക് അയക്കാനും ആലോചിക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇതേസംഘം സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 299 രൂപ അയച്ചിട്ടും ചുരിദാര്‍ ലഭിക്കാതെ വന്നതോടെ രജന ഫോണില്‍ വിളിക്കുകയായിരുന്നു. ഈ സമയം കമ്പനിക്കാര്‍ പറഞ്ഞതനുസരിച്ച് സന്ദേശമയക്കുകയും ഒ.ടി.പി നമ്പര്‍ പറഞ്ഞു കൊടുക്കുകയും ചെയ്തപ്പോഴാണ് യുവതിയുടെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്ന് 1,00,299 രൂപ നഷ്ടമായത്.

No comments