Breaking News

ജില്ലയിൽ ബസുകളിൽ ഉപയോഗിക്കുന്ന ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾക്കെതിരേ നടപടി,32ബസുകളിൽ നിന്ന് നീക്കം ചെയ്തു,നിരോധിച്ച ഉപകരണങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി


കാസർകോട്: സ്വകാര്യ ബസുകളിൽ ഉപയോഗിക്കുന്ന ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിവന്ന പരിശോധന പൂർത്തിയായി.


ജില്ലയിൽ 32 ബസുകളിൽനിന്ന് നിരോധിച്ച ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ പിടിച്ചെടുത്തു. പതിനായിരം രൂപ വിവിധ ബസുകളിൽനിന്നായി ഈടാക്കി. രണ്ടാഴ്ച കാസർകോട്, കാഞ്ഞങ്ങാട്, അലാമിപ്പള്ളി, നീലേശ്വരം, ചെറുവത്തൂർ ബസ്‌സ്റ്റാൻഡുകളിലായി നടത്തിയ പരിശോധനയിലാണ് നടപടി. അന്തർ ജില്ലാ ബസുകളിലും ഗ്രാമീണ റൂട്ടുകളിലേക്ക് സർവീസ് നടത്തുന്ന ബസുകളിലും ഒരേപോലെ നിയമലംഘനം കണ്ടെത്തി. സ്വകാര്യ ബസുകളിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷനിൽ പരാതി ലഭിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണറാണ് പരിശോധനയ്ക്ക് ആർ.ടി.ഒ.കൾക്ക് നിർദേശം നൽകിയത്. രണ്ട് ഘട്ടങ്ങളായി നടത്തിയ പരിശോധനയിൽ ആദ്യഘട്ടത്തിൽ 17 ബസുകൾക്ക് താക്കീത് നൽകിയിരുന്നു. നിയമലംഘനം കണ്ടെത്തിയ വാഹനങ്ങളിൽനിന്ന്‌ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ അഴിച്ചുമാറ്റി ആർ.ടി.ഒ.യ്ക്ക് മുന്നിൽ ഹാജരാക്കാൻ വാഹന ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.



സ്വകാര്യ ബസിൽ പാട്ട് പാടില്ല


:കേരളാ മോട്ടോർവാഹന ചട്ടം 289 പ്രകാരം സ്വകാര്യ ബസുകളിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ വെക്കുന്നത് നിയമപരമല്ല. ടൂറിസ്റ്റ് ബസുകളിൽ മാത്രമേ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ.



അവിടെയും ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചാൽ നടപടി വരും. സ്വകാര്യ ബസുകളിൽ പരസ്യംചെയ്യാൻ 50 ഡെസിബലിൽ താഴെ വരുന്ന ശ്രാവ്യ ഉപകരണം ഉപയോഗിക്കാൻ അനുമതിയുണ്ട്. അതിൽ റോഡ് സുരക്ഷയോ പകർച്ചവ്യാധി തടയൽ നിർദേശങ്ങളോ ഉൾപ്പെടുത്തുകയുംവേണം.

No comments