യുവാവിനെ കുത്തിക്കൊലപ്പെടുത്തി
സ്കൂള്‍ വിദ്യാര്‍ഥിനിയെ വാട്സാപ്പില്‍ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ മാട്ടൂൽ സൗത്ത് കടപ്പുറം വീട്ടിലെ കെ.ഹിഷാം അഹമ്മദ് ആണ് മരിച്ചത്. മാട്ടുല്‍ സ്വദേശി സാജിദാണ് ഹിഷാമിനെ കുത്തിയതെന്ന് പൊലീസ് പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുള്ളതായാണ് സൂചന. സാജിദ് ഉടന്‍ പിടിയിലാകുമെന്ന് പഴങ്ങാടി പൊലീസ് അറിയിച്ചു.
അതേസമയം പുല്ലൂക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂരിനടുത്ത പുല്ലൂക്കര വിഷ്ണുവിലാസം യു.പി സ്കൂളിനു സമീപത്തെ പടിക്കൂലോത്ത് രതിയാണ് (50) അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മോഹനനെ ചൊക്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയാണ് സംഭവം.
കഴുത്തറുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ചെറുകത്തി പൊലീസ് പ്രതിയില്‍നിന്നു പിടിച്ചെടുത്തു. കഴുത്തറുത്തതിനുശേഷം മരിച്ചെന്ന് ഉറപ്പിക്കാന്‍ രതിയുടെ കൈത്തണ്ടയും മുറിച്ച നിലയിലാണ്. രതിയുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ അടച്ചിട്ട വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. എന്നാല്‍, അപ്പോഴേക്കും മരിച്ചിരുന്നു.
തൊഴില്‍രഹിതനാണ് മോഹനന്. ഭാര്യ പുല്ലൂക്കരയില്‍ ടെയ്ലറിങ് ജോലിക്കു പോയാണ് നിത്യവൃത്തി കഴിച്ചു പോന്നിരുന്നത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. വയറിങ് ജോലിക്കാരനായ ധനിത്ത്, ധനുഷ. ഇവരില്‍ ധനുഷ വിവാഹിതയാണ്.
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോ, സി.ഐ ഷാജു, എസ്.ഐ സൂരജ് ഭാസ്കര്‍ എന്നിവര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. ഫോറന്‍സിക് സംഘവും തെളിവു ശേഖരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.
No comments