Breaking News

ഗൃഹനാഥന്റെ മൃതദേഹം പുഴുവരിച്ചു; മരിച്ചത് അറിഞ്ഞില്ലെന്ന് വീട്ടുകാർ കണ്ണൂർ തളാപ്പിലാണ് സംഭവം


കണ്ണൂർ തളാപ്പിലെ വീട്ടിൽ ഗൃഹനാഥന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. അറുപത്തിയേഴ് വയസുള്ള അബ്ദുൽ റാസിഖാണ് മരിച്ചത്. ഭാര്യയും മകളും കൊച്ചുമക്കളും താമസിക്കുന്ന വീട്ടിൽ നിന്നാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അബ്ദുൾ റാസിഖ് മരിച്ച കാര്യം അറിഞ്ഞില്ലെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി.


കുടുംബ സമേതം താമസിക്കുന്ന വീട്ടിൽ നിന്നാണ് ഗൃഹനാഥന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മരണപ്പെട്ട അബ്ദുൾ റാസിഖിന്റെ കൊച്ചുമകൻ സമീപത്തുള്ളവരെ വീട്ടിലേക്ക് വരാൻ വിളിക്കുന്നത്. മുറിക്കുള്ളിൽ നിന്നും ദുർഗന്ധം ഉയരുന്നുവെന്ന് കുട്ടി അയൽക്കാരോട് പറഞ്ഞു. വീട്ടിലെത്തിയവർ കാണുന്നത് ദിവസങ്ങൾ പഴക്കമുള്ള അബ്ദുൾ റാസിഖിന്റെ മൃതദേഹം.


ഉടൻ തന്നെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. മുറിക്കുള്ളിലായിരുന്ന അബ്ദുൾ റാസിഖ് മരിച്ച വിവരം അറിഞ്ഞില്ലെന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തു. ഭാര്യയ്ക്കും മകൾക്കും കൊച്ചുമക്കൾക്കും ഒപ്പമാണ് തളാപ്പിലെ വീട്ടിൽ അബ്ദുൾ റാസിഖ് താമസിച്ചിരുന്നത്. ഇൻക്വസ്റ്റിന് ശേഷം മൃതദ്ദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

No comments