Breaking News

കാഞ്ഞങ്ങാട് ലോട്ടറി വില്‍പ്പനകാരനെ ഇടിച്ചുതെറിപ്പിച്ച്‌ മരണത്തിലേക്ക് തള്ളി കടന്നുകളഞ്ഞ കാറിനെ ശാസ്‍ത്രീയമായി കുടുക്കി പോലീസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് (Kanhangad) ലോട്ടറി വില്‍പ്പനകാരനെ ഇടിച്ചുതെറിപ്പിച്ച്‌ മരണത്തിലേക്ക് തള്ളിയിട്ട ശേഷം കടന്നുകളഞ്ഞ കാറിനെ ശാസ്‍ത്രീയമായി കുടുക്കി കേരളാ പൊലീസ് 

അപകട സ്ഥലത്ത് നിന്ന് ലഭിച്ച രണ്ട് ചില്ലു കഷണങ്ങളുമായി നടത്തിയ ശാസ്‍ത്രീയമായ അന്വേഷണത്തിന് ഒടുവിലാണ് അപകടം നടന്ന് 16 ദിവസങ്ങള്‍ക്ക് അകം കാറിനെയും ഉടമയെയും പൊലീസ് പിടികൂടിയത്.

കാഞ്ഞങ്ങാട് ആറങ്ങാടി കൂളിയങ്കാലില്‍ കഴിഞ്ഞ നവംബര്‍ 14 ന് രാത്രിയിലായിരുന്നു അപകടം. കാറിടിച്ച്‌ തോയമ്മല്‍ സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരന്‍ സുധീഷ് (37) ആയിരുന്നു മരിച്ചത്. സുധീഷിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ ഓടിച്ച്‌ പോകുകയായിരുന്നു. നാട്ടുകാര്‍ യുവാവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തുന്നതിന് ഹൊസ്‍ദുര്‍ഗ് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കഴിഞ്ഞ ദിവസം കാറും ഡ്രൈവറും പൊലീസിന്‍റെ പിടിയിലായത്.

മാരുതി 800 കാറും ഡ്രൈവറും കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയുമായ പ്രജിത്ത് (47) ആണ് അറസ്റ്റിലായത്. കാസര്‍കോട് സര്‍വ്വേ വകുപ്പിലെ ജീവനക്കാരനാണ് ഇയാള്‍. അപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച രണ്ട് ചില്ല് കഷണങ്ങളില്‍ നിന്നായിരുന്നു പൊലീസിന്‍റെ അന്വേഷണം തുടങ്ങിയത്. കാറിന്‍റെ ഹെഡ്‍ലൈറ്റിന്‍റെ പൊട്ടിയ കഷണങ്ങളായിരുന്നു ഇത്. ഈ ചില്ലു കഷണങ്ങളുമായി വിവിധ വര്‍ക്ക് ഷോപ്പുകള്‍ കയറിയിറങ്ങിയും മെക്കാനിക്കുകളെ സമീപിച്ചും ഏത് മോഡല്‍ കാറിന്‍റെതാണ് ഈ ഭാഗങ്ങളെന്ന് കണ്ടെത്തി. അപകടമുണ്ടാക്കിയതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ച കാറും ഈ ചില്ല് കഷണങ്ങളും തെളിവ് ശരിവയ്ക്കുന്നതായിരുന്നു.

ഇതോടെ റോഡിലെ സിസിടിവി ദൃശ്യങ്ങല്‍ പൊലീസ് പരിശോധിച്ചു തുടങ്ങി. അപകടം നടന്ന സ്ഥലത്ത് നിന്ന് ഹൈവേയിലൂടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. അങ്ങനെ ജില്ലാ അതിര്‍ത്തിയും കടന്ന് പയ്യന്നൂര്‍, പിലാത്തറ, പഴയങ്ങാടി, കണ്ണപുരം തുടങ്ങിയ പ്രദേശങ്ങളിലെ 120 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളായിരുന്നു പരിശോധിച്ചത്. ഇവയില്‍ ചിലതില്‍ നിന്ന് സമാന മോഡല്‍ കാറിന്‍റെ സാനിധ്യം പൊലീസിന് ലഭിച്ചു.

പിലാത്തറ കെഎസ്‍ടിപി ദേശീയപാത ജംഗ്ഷനിലെയും പഴയങ്ങാടി പാലത്തിന് സമീപത്തെയും ദൃശ്യങ്ങളിലെ കാറിന്‍റെ സാനിധ്യമാണ് ഇതില്‍ നിര്‍ണായകമായത്. ഇതോടെ ഈ രജിസ്‍ട്രേഷന്‍ നമ്ബര്‍ വച്ചുള്ള അന്വേഷണം തുടങ്ങി പൊീസ്. ഇത് കാസര്‍കോട് സര്‍വ്വേ വിഭാഗത്തിലെ ജീവനക്കാരനായ പ്രജിത്തിലേക്ക് എത്തുകയായിരുന്നു. വാഹനം കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചപ്പോള്‍ ഒറ്റ നോട്ടത്തില്‍ യാതൊരു തകരാറും ഉണ്ടായിരുന്നില്ല. അതിന് അറ്റകുറ്റപ്പണി നടത്തിയതായി തെളിഞ്ഞു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. ഇതും ശാസ്ത്രീയമായി തെളിയേക്കണ്ടി വന്നു പൊലീസിന്. ഇതോടെ പ്രജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അപകടത്തില്‍ പരിക്കേറ്റ യുവാവിനെ അരക്കിലോമീറ്റര്‍ അകലെയുള്ള ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് പൊലീസും നാട്ടുകാരും പറയുന്നു. തികച്ചും മനുഷ്യത്വ രഹിതമായി പെരുമാറിയ പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി ശേഖരിച്ച തെളിവുകളുടെ ഫോറന്‍സിക് പരിശോധനയും നടത്തി.


No comments