Breaking News

ചുമട്ടുതൊഴിൽ അവസാനിപ്പിക്കണം, യന്ത്രം വയ്‌ക്കേണ്ട സമയം കഴിഞ്ഞെന്ന് ഹൈക്കോടതി, അവരെ പുനരധിവസിപ്പിക്കേണ്ടതാണെന്നും കോടതി


കൊച്ചി: ചുമട്ടുതൊഴില്‍ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്നും സമൂഹത്തില്‍ അടിമകളെപ്പോലെ പണിയെടുക്കുന്ന ഇക്കൂട്ടരെ പുനരധിവസിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.


നോക്കുകൂലി പ്രശ്‌നങ്ങള്‍മൂലം പൊലീസ് സംരക്ഷണം തേടിയുള്ള ഒരുകൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം വാക്കാല്‍ പറഞ്ഞത്.


ലോകത്ത് ഇവിടെ മാത്രമേ ചുമട്ടുതൊഴില്‍ ഉണ്ടാകൂ. ചുമട്ടുതൊഴിലാളി നിയമംതന്നെ കാലഹരണപ്പെട്ടു. ചുമടെടുക്കാന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുകയും ഇവ കൈകാര്യംചെയ്യാന്‍ തൊഴിലാളികളെ പരിശീലിപ്പിക്കുകയും വേണം. ചുമട്ടുതൊഴിലാളികള്‍ ഏറെയും നല്ലവരാണ്. ഇവര്‍ കഠിനാദ്ധ്വാനികളുമാണ്. എന്നാല്‍ 50 - 60 വയസാവുന്നതോടെ ഇവരുടെ ആരോഗ്യം നശിച്ച്‌ ജീവിതം അവസാനിക്കും. ഈ സ്ഥിതി മാറണം.


സെപ്ടിക് മാലിന്യങ്ങള്‍ നീക്കംചെയ്യാനും ഇത്തരം ടാങ്കുകള്‍ വൃത്തിയാക്കാനും മനുഷ്യനെ ഉപയോഗിച്ചിരുന്നു. അതേപോലെയാണ് ചുമടെടുക്കാന്‍ മനുഷ്യനെ ഉപയോഗിക്കുന്നതെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു. നോക്കുകൂലിയാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ ഹോട്ടല്‍ നിര്‍മ്മാണം തടസപ്പെടുത്തുന്നെന്നാരോപിച്ച്‌ കൊല്ലം അഞ്ചല്‍ സ്വദേശി ടി.കെ. സുന്ദരേശന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് പരിഗണിച്ചത്. ഇവ വിധിപറയാന്‍ മാറ്റി.

No comments