Breaking News

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടക്കുമ്പോള്‍ പോലീസ് കാഴ്ച്ചക്കാരായി മാറുന്നു : അഡ്വ. കെ.പി പ്രകാശ് ബാബു


കാഞ്ഞങ്ങാട് : സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ ജിഹാദി - കമ്മ്യൂണിസ്റ്റ് ഭീകരര്‍ അക്രമം അഴിച്ചുവിടുമ്പോള്‍ കേരളാ പോലീസ് വെറും കാഴ്ചക്കാരായി മാറുന്നുവെന്നും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സംയമനത്തെ ദൗര്‍ബല്യമായി കാണരുതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു പറഞ്ഞു. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനത്തില്‍ യുവമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സംഘപരിവാര്‍ സംഘടനകള്‍ക്ക് സ്വാധീനമുള്ള ഒരു സംസ്ഥാനത്ത് പോലും സി.പി.എം പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നില്ല. സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേരളത്തിലെ തന്നെ പല സംഭവങ്ങള്‍ക്ക് പിന്നിലും അവരുടെ തന്നെ പ്രവര്‍ത്തകരെന്നു തെളിയാറാണ് പതിവ്. പോലീസിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരാണ് ഈ ക്രിമിനലുകളെ സംരക്ഷിക്കുന്നത്. പല കേസുകളുടെയും അന്വേഷണം അട്ടിമറിക്കപ്പെടുന്നു. ഫസല്‍ വധക്കേസിന്‍ മേലുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ആ കൊലപാതകവും ആര്‍.എസ്.എസിന്മേല്‍ ചാര്‍ത്താന്‍ സി.പി.എം വളരെയധികം പരിശ്രമിക്കുകയുണ്ടായി. കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ പ്രതി കോടതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോഴാണ് റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ടതായി കാണുന്നത്. സി.പി.എം വിടുന്നവരും സി.പി.എമ്മിനു ഭീഷണിയാകുന്നവരും ഇല്ലായ്മ ചെയ്യപ്പെടുകയാണ്. 


സി.പി.എം പ്രവര്‍ത്തകര്‍ പോലും ജിഹാദി ഭീകരരാല്‍ കൊല്ലപ്പെടുമ്പോള്‍ പോലും അന്വേഷണം പാതിവഴിയില്‍ അവസാനിക്കുകയാണെന്നും അക്രമം കൊണ്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ലെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ട വിദ്യാലയത്തില്‍ നടന്ന ബിജെപിയുടെ സ്മൃതിസംഗമം പരിപാടിയിലൂടെ തെളിയുന്നതെന്നും അഡ്വ. കെ.പി. പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.


യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സാഗര്‍ ചാത്തമത്ത് സ്വാഗതവും ജിതേഷ് എന്‍. നന്ദിയും പറഞ്ഞു. 


നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും ആരംഭിച്ച റാലി കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

No comments