Breaking News

ഒമിക്രോൺ; രാജ്യത്ത് അതീവ ജാഗ്രത, സമൂഹ വ്യാപന സാധ്യതയെന്നും മുന്നറിയിപ്പ്


രാജ്യത്ത് കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം അതിവേഗം വ്യാപിക്കുന്നതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി ആരോഗ്യമന്ത്രാലയം. കൂടിച്ചേരലുകളും അനാവശ്യ യാത്രകളും ഒഴിവാക്കാൻ നിർദേശം നൽകി. 14 ദിവസം കൊണ്ട് നൂറിലധികം ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഡിസംബർ രണ്ടിന് കർണാടകയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം അതീവ ജാഗ്രതയിലാണ് ആരോഗ്യമന്ത്രാലയം. വിമാനത്താവളങ്ങളിലെ പരിശോധന കർശനമാക്കിയെങ്കിലും ദിവസങ്ങൾ കൊണ്ട് ഒമിക്രോണ്‍ വ്യാപിച്ചു. ഡെൽറ്റ വകഭേദത്തേക്കാൾ അതിവേഗ വ്യാപന ശേഷി ഒമിക്രോണിനുള്ളതിനാൽ സമൂഹവ്യാപനം പ്രതീക്ഷിക്കാമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയ ആളുകളെ പ്രത്യേകം നിരീക്ഷിക്കും. അനാവശ്യ വിദേശ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാനും ആരോഗ്യമന്ത്രാലയം നിർദേശം നൽകി. മഹാരാഷ്ട്രയിൽ വിദേശ യാത്രാ പശ്ചാത്തലമില്ലാത്ത എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതിന് ശേഷം നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. മുംബൈയിൽ പൊതു ഇടങ്ങളിലുള്ള ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് വിലക്കുണ്ട്. തൽക്കാലം രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്താൽ കൂടിച്ചേരലുകൾക്കുൾപ്പെടെ വിലക്കേർപ്പെടുത്തുന്ന കാര്യം കേന്ദ്രം പരിഗണിക്കും.

No comments