രാഷ്ട്രീയ കൂട്ടായ്മകൾ അനുവദിക്കില്ല; നിയന്ത്രണം ദേവാലയങ്ങൾക്കും ബാധകം അനാവശ്യ യാത്രക്കാർക്ക് പിടി വീഴും; അതീവ ജാഗ്രതയിൽ സംസ്ഥാനം
നാളെ മുതൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം. പുതുവത്സര രാത്രിയിൽ ദേവാലയങ്ങളിലെ ശുശ്രൂഷകൾക്കും ആൾക്കൂട്ടം അനുവദിക്കില്ല. രാത്രി 10 നുശേഷം മത– രാഷ്ട്രീയ– സാംസ്കാരിക കൂട്ടായ്മകള്‍ക്കും അനുമതിയില്ല. അത്യാവശ്യയാത്രക്കാര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കരുതണം. രാത്രി 10 നു മുമ്പുള്ള ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പു വരുത്താൻ ഡി ജി പി നിർദേശം നൽകി. ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 64 ആയി ഉയർന്നതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.
പുതുവത്സരരാവുകളിലെ രാത്രി കാല നിയന്ത്രണം ഒരിളവുമില്ലാതെ നടപ്പാക്കാനാണ് സർക്കാർ നിർദേശം. 31 നു രാത്രി പള്ളികളിൽ നടത്തുന്ന ശുശ്രൂഷകൾക്കും ഇളവില്ല. കാർമികരും ശുശ്രൂഷകരും മാത്രമായി ചടങ്ങുകൾ നടത്തുകയും വിശ്വാസികൾക്ക് ഓൺലൈനായി പങ്കെടുക്കാൻ അവസരമൊരുക്കാനുമാണ് നിർദേശം. വിവിധ സഭാമൂഹങ്ങളിൽ നിന്ന് ഇളവ് നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. ഒരു വിഭാഗത്തിന് ഇളവ് നല്കിയാൽ ആ പേരിൽ നിയമലംഘനം കൂടുമെന്നാണ് വിലയിരുത്തൽ. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. അനാവശ്യ യാത്രക്കാർക്ക് പിടി വീഴും.
കടകൾ 10 നു അടയ്ക്കണം. നടപ്പാക്കാൻ മുഴുവൻ പൊലീസ് സേനയേയും വിന്യസിക്കും. ബാറുകളിലും ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും സീറ്റിങ് കപ്പാസിറ്റിയുടെ പകുതിപേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. തിയേറ്ററുകളിൽ സെക്കൻഡ് ഷോ ഉണ്ടാകില്ല. 10 മണിക്ക് മുമ്പുള്ള ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡിജിപി പൊലീസിന് നിർദേശം നല്കി. ആൾക്കൂട്ട സാധ്യതയുള്ള ബീച്ചുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പൊലീസിനെ വിന്യസിക്കും. ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ ജാഗ്രതയോടെ വേണമെന്ന് കേന്ദ്രനിർദേശമുണ്ട്. പല സംസ്ഥാനങ്ങളിലും രാത്രി കർഫ്യൂ നിലവിൽ വന്നു. ഫലത്തിൽ സംസ്ഥാനത്തും കർഫ്യൂ സമാന നിയന്ത്രണങ്ങളിലായിരിക്കും പുതുവത്സരം പിറക്കുന്നത്.
No comments