Breaking News

റോഡുകൾ തകർന്നാൽ അറിയിക്കാം; കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോൺനമ്പറും പ്രദർശിപ്പിക്കും


പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡുകളുടെ അവസ്ഥ ഓരോ മാസവും പരിശോധിച്ച്‌ ഫോട്ടോ സഹിതം റിപ്പോര്‍ട്ട് നല്‍കണമെന്ന് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അടുത്ത വര്‍ഷം ആദ്യം ഇത് ആരംഭിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ പരിധിയില്‍ 500 കിലോമീറ്റര്‍ റോഡാണ് വരുന്നത്. ഇത് പരിശോധിച്ചാണ് ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ട് നല്‍കേണ്ടത്.


റിപ്പോര്‍ട്ട് ചീഫ് എന്‍ജിനിയറും മന്ത്രിയുടെ ഓഫീസിലും പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക ടീം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9ന് മന്ത്രിയും ചലച്ചിത്രതാരം ജയസൂര്യയും മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും.


മഴ മാറുന്നതോടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. മഴക്കാലത്തും റോഡ് പണി നടത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യയുടെ സാധ്യത പരിഗണിക്കുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി 273.41 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പരിപാലന കാലാവധി കഴിയുന്ന റോഡുകള്‍ക്ക് റണ്ണിംഗ് കോണ്‍ട്രാക്‌ട് നല്‍കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. ഇതിനായി 137.41 കോടി രൂപ അനുവദിച്ചു. റോഡുകള്‍ തകരാതിരിക്കാന്‍ മികച്ച ഡ്രൈനേജ് സംവിധാനം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു.

No comments