Breaking News

ഇരിട്ടിയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്ടർ മരിച്ചു


ഇരിട്ടി: നിര്‍ത്തിയ ബസില്‍ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടറെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുതെറിപ്പിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കണ്ടക്ട​റുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഉളിയില്‍ ടൗണിനും കുന്നിന്‍കീഴിനുമിടയില്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിക്ക് സമീപമാണ് അപകടം. ബംഗ്ലൂരില്‍ നിന്നും തലശ്ശേരി വഴി കണ്ണൂരിലേക്ക് വരികയായിരുന്ന കര്‍ണ്ണാടക ആര്‍ ടി സി ബസ്സിലെ കണ്ടക്ടര്‍ കര്‍ണ്ണാടക സ്വദേശി പി. ​പ്രകാശാണ് മരിച്ചത്.
പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മാഹി സ്വദേശി മുഹമ്മദിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്നും വരുന്ന ബസ് ഉളിയില്‍ ടൗണിന് സമീപത്തുള്ള ഹോട്ടല്‍ പരിസരത്ത് ചായ കുടിക്കാന്‍ നിര്‍ത്തിയതായിരുന്നു. ബസ്സില്‍ നിന്നും ആദ്യം പുറത്തിറങ്ങിയ കണ്ടക്ടറെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. നിര്‍ത്തയിട്ട ബസ്സിലും സമീപത്തുള്ള വൈദ്യുതി തൂണിലുമായാണ് കാര്‍ ഇടിച്ചുകയറിയത്. ഈ സമയം ബസ്സിന്‍്റെ പുറക് വശത്തെ ടയറിന് സമീപം നില്‍ക്കുകയായിരുന്ന കണ്ടക്ടര്‍ കാറിനും ബസ്സിനും ഇടയില്‍ പെട്ടാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാറി​ന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാആവാം അപകടകാരണമെന്ന് സംശയമുണ്ട്. എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല. ദീര്‍ഘദൂരം നേരെയുള്ള റോഡില്‍ ചെറിയ വളവ് തുടങ്ങുന്നടുത്താണ് അപകടം നടന്നത്.
ഉടന്‍തന്നെ പരിക്കേറ്റവരെ നാട്ടുകാരും ബസ്സില്‍ ഉള്ളവരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കണ്ടക്ടറുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വിവരമറിഞ്ഞ് മട്ടന്നൂരില്‍ നിന്നുള്ള പോലീസും സ്ഥലത്തെത്തി. യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റിവിട്ടു. ബംഗളുരു ഡിപ്പോയിലേതാണ് ബസ്സ്.

No comments