പുല്ലൂരിൽ യുവതിയെയും അഭിഭാഷകരെയും ആക്രമിച്ച കേസിലെ പ്രതി കീഴടങ്ങി
കാഞ്ഞങ്ങാട്: സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ കോടതി നിയോഗിച്ച കമ്മീഷന് സ്ഥലപരിശോധന നടത്തുന്നതിനിടെ എതിര്‍കക്ഷിയുടെ ഭാര്യയെയും അഭിഭാഷകരെയും ആക്രമിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പുല്ലൂര്‍ ഉദയനഗര്‍ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന വിമുക്തഭടനായ കുമാരന് (67) ആണ് ഇന്നലെ രാവിലെ അമ്ബലത്തറ പോലീസില്‍ കീഴടങ്ങിയത്. ഇയാള്‍ക്കെതിരേ രണ്ട് വധശ്രമക്കേസുകളും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് ഇയാള്‍ക്കൊപ്പം സംഭവസ്ഥലത്തെത്തി ആയുധങ്ങള്‍ക്കായി തെരച്ചില്‍ നടത്തി.
കുമാരന്റെ സഹോദരന് പുല്ലൂര്‍ ഉദയനഗര്‍ പോസ്റ്റോഫീസിനു സമീപത്തെ കണ്ണന്റെ ഭാര്യ സുശീല (40) യ്ക്കാണ് മഴു കൊണ്ടുള്ള വെട്ടേറ്റത്. ഇതു തടയാന്‍ ശ്രമിച്ച അഭിഭാഷക കമ്മീഷനായ അഡ്വ. പി.എസ്. ജുനൈദ്, അന്യായ ഭാഗം അഭിഭാഷകന് ഷാജിദ് കമ്മാടം എന്നിവരെ വടികൊണ്ടും ആക്രമിക്കുകയായിരുന്നു. സുശീല ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിഭാഷകര്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കുമാരനും സഹോദരന് കണ്ണനും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സ്വത്തുതര്‍ക്കം പരിഹരിക്കുന്നതിനായാണ് ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതി കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന് സ്ഥലപരിശോധന നടത്തുന്നതിനിടെ കുമാരന് അക്രമാസക്തനായി സ്ഥലത്തെത്തുകയായിരുന്നു. സുശീലയെ വെട്ടി പരിക്കേല്‍പ്പിച്ചതിനുശേഷം സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താനും ശ്രമിച്ചു. സ്വത്തുതര്‍ക്കത്തില്‍ വികാരഭരിതനായി ചെയ്തതാണെന്നാണ് കുമാരന് പോലിസിനോടു പറഞ്ഞത്. ഇയാളെ ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
No comments