ബളാൽ പഞ്ചായത്തിൽ വേറിട്ടൊരു ജന്മദിനാഘോഷം സി.പി.എം അംഗത്തിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് കോൺഗ്രസ്സ് ഭരണസമിതി
വെള്ളരിക്കുണ്ട് : സി. പി. എം. ബ്രാഞ്ച് സെക്കട്ടറി കൂടിയായ പഞ്ചായത്ത് അംഗത്തിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് കോൺഗ്രസ്സ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി.
കോൺഗ്രസ്സിന് മൃഗീയ ആധിപത്യമുള്ള ബളാൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിഅംഗങ്ങളാണ് ഏക സി.പി.എം പ്രതിനിധിയായ വനിതാ അംഗം സന്ധ്യ ശിവന്റെ ജന്മദിനം കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചത്.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് പ്രത്യേക യോഗം ചേർന്നാണ് കോൺഗ്രസ്സ് ഭരണ സമിതി പഞ്ചായത്തിലെ ഏക സി. പി. എം. അംഗത്തിന്റെ ജന്മ ദിനംവളരെ ലളിതമായി ആഘോഷിക്കാൻ തീരുമാനിച്ചത്.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒരുക്കിയ വേദിയിൽ ഭരണ സമിതി അംഗങ്ങൾക്ക് ഒപ്പം പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്ത ചടങ്ങിൽ പ്രസിഡന്റ് രാജു കട്ടക്കയം ജന്മദിന ആശംസകൾ നേർന്ന ശേഷം സന്ധ്യശിവനെ കേക്ക് മുറിക്കാൻ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെട്ട വാർഡിന്റെയും പേരും എഴുതിയ കേക്ക് മുറിച്ച് ആദ്യ മധുരം പ്രസിഡണ്ട് രാജു കട്ടക്കയത്തിന് സന്ധ്യ ശിവൻ കൈ മാറിയപ്പോൾ വൈസ് പ്രസിഡന്റ് എം. രാധാമണി അടക്കമുള്ള കോൺഗ്രസിന്റെ മുഴുവൻ മെമ്പർമാരും പഞ്ചായത്ത് ജീവനക്കാരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു കൊണ്ട് അവർക്ക് ആശംസകൾ നേർന്നു.
പരപ്പബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ അലക്സ് നെടിയകാലയിൽ.ടി. അബ്ദുൾ കാദർ.പി, പത്മാവതി,പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വർക്കി,ദേവസ്യതറപ്പേൽ, വിനു.കെ.ആർ,പി.സി. രഘുനാഥൻ നായർ, ബിൻസി ജെയിൻ, മോൻസി ജോയ്,ജെസ്സി ചാക്കോ, ശ്രീജ രാമ ചന്ദ്രൻ. കെ.വിഷ്ണു. എം. അജിത എന്നിവർ സന്ധ്യശിവന് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.
പതിനാറു വാർഡുള്ള ബളാൽ പഞ്ചായത്തിൽ പതിനാലും കോൺഗ്രസ്സ് ആണ് പ്രധിനിധാനം ചെയ്യുന്നത്.ഒരെണ്ണത്തിൽ സി. പി. ഐ. അംഗവും ഉണ്ട്.
പഞ്ചായത്തിലെ നാലാം വാർഡായ മരുതുംകുളം വാർഡിൽ നിന്നുമാണ് സന്ധ്യ ശിവൻ ബളാൽ പഞ്ചാത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ സി.പി.ഐ.എം. മരുതുംകുളം ബ്രാഞ്ച് സെക്രട്ടറി കൂടിയായ സന്ധ്യ ശിവൻ രാഷ്ട്രീയത്തിന് അതീതമായ പ്രവർത്തങ്ങളിലൂടെ ഏവർക്കും സ്വീകാര്യത നേടിയ ഒരു വനിതാ പഞ്ചായത്ത് അംഗം കൂടിയാണ്. രാഷ്ട്രീയ വ്യത്യാസം മറന്ന് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ നടന്ന ജന്മദിനാഘോഷം നാടിന് മാതൃകയായിരിക്കുകയാണ്.
No comments