കോവളം സംഭവം; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല അന്വേഷണം കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു
കോവളത്ത് സ്വീഡിഷ് പൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴുക്കികളഞ്ഞ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. കോവളം സ്‌റ്റേഷനിലെ പ്രന്‍സിപ്പല്‍ എസ്‌ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനീഷ്, സജിത്, എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെ കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞു നിര്‍ത്തി അപമാനിച്ച വിഷയം വ്യാപകമായി ചര്‍ച്ചയായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.
ബീച്ചിലേക്ക് മദ്യം കൊണ്ടുപോയത്‌കൊണ്ടാണ് സ്വീഡിഷ് പൗരനെ തടയാന്‍ കാരണമെന്നും എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബീച്ചിലേക്കല്ല മദ്യം കൊണ്ടുപോയതെന്നാണ് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്ബര്‍ഗ് പറഞ്ഞത്. സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തുവന്നിരുന്നു. സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാരിനെ അള്ള് വയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇത് ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവം ബന്ധപ്പെട്ട വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ടൂറിസം രംഗത്തിന് തിരിച്ചടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സംഭവം ഒറ്റപ്പെട്ടതാണെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ അഭിപ്രായത്തേയും മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാവാന്‍ പാടില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ മുഹമ്മദ് റിയാസ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പൊലീസ് കൂടുതല്‍ വിനയത്തോടെ പെരുമാറണം എന്നും ചൂണ്ടിക്കാട്ടി. ഡിസംബര്‍ 31നാണ് സ്വീഡിഷ് പൗരനായ സ്റ്റീവ് എന്ന വിനോദസഞ്ചാരിയെ മദ്യം വാങ്ങിയതിന്റെ ബില്ല് കൈവശം വെക്കാത്താതിന് കോവളത്ത് വെച്ച് പൊലീസ് പിടികൂടിയത്. ബില്ല് കൈവശമില്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സ്റ്റീവ് മദ്യം പൊലീസിന് മുന്നില്‍ വച്ച് ഒഴിച്ചുകളയുകയായിരുന്നു. തുടര്‍ന്ന് ബിവറേജില്‍ പോയി ബില്ലും വാങ്ങി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയാണ് സ്റ്റീവ് മടങ്ങിയത്.
No comments