Breaking News

കൗമാരക്കാർക്കുള്ള വാക്‌സിൻ വിതരണം നാളെ മുതൽ; ആഴ്ച്ചയിൽ ആറ് ദിവസവും കുത്തിവെപ്പെടുക്കാൻ സൗകര്യം



കൗമാരക്കാര്‍ക്കായുള്ള കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കും. ബുധനാഴ്ച്ച ഒഴികെ ആഴ്ച്ചയില്‍ ആറ് ദിവസവും കുട്ടികള്‍ക്ക് കുത്തിവെയ്‌പ്പെടുക്കാനുള്ള സൗകര്യം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ജനറല്‍, ജില്ല, താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും എത്തി കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. കുട്ടികളുടെ വാക്‌സിനേഷന്‍കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാകും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണം. തിങ്കളാഴ്ചമുതല്‍ ജനുവരി പത്തുവരെ ഈ രീതിയില്‍ തന്നെ വാക്‌സിന്‍ വിതരണംചെയ്യാനാണ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായിരിക്കുന്നത്.കുട്ടികള്‍കളുടെയും മുതിര്‍ന്നവരുടെയും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തിരിച്ചറിയാനായി പിങ്ക്, നില ബോര്‍ഡുകള്‍ സ്ഥാപിക്കും.വാക്‌സിനേഷന്‍കേന്ദ്രത്തിന്റെ പ്രവേശനകവാടം, രജിസ്ട്രേഷന്‍- വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളിലാകും ബോര്‍ഡുകള്‍ സ്ഥാപിക്കുക.




കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്നുമുതല്‍ ആരംഭിച്ചിരുന്നു. 2007 ലോ അതിന്‍ മുമ്പോ ജനിച്ച 15-18നും ഇടയില്‍ പ്രയാക്കാരായ കുട്ടികള്‍ക്കാണ് ജനുവരി മൂന്ന് മുതല്‍ വാക്സിന്‍ ലഭിക്കുക. കുട്ടികള്‍ക്ക് ഇഷ്ടമുളള വാകസിന്‍ തെരഞ്ഞെടുക്കാനും അവസരമുണ്ട്. കോവിന്‍ ആപ്പിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.സൈഡസ് കാഡില വികസിപ്പിച്ച സൈകോവ്-ഡി വാക്സിനൊ ഭാരത് ബയോടെകിന്റെ കോവാക്സിനോ വിദ്യാര്‍ത്ഥിള്‍ക്ക് തെരഞ്ഞെടുക്കാം. രജിസ്ട്രേഷനായി കോവിന്‍ ആപ്പില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോവിന്‍ ആപ്പിലൂടെ നാലുപേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കുട്ടികള്‍ക്ക് ഒപ്പമൊ അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കൊപ്പമോ രജിസ്ട്രേഷന്റെ ഭാഗമാകാം. കുട്ടികള്‍ക്ക് കോവാക്സിന്‍ വിതരണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.ആധാറും തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമെ സ്‌കൂളുകളില്‍ നിന്ന് നല്‍കുന്ന തിരിച്ചറിയല്‍ രേഖകളും രജിസ്ട്രേഷനായി ഉപയോഗിക്കാം. https://www.cowin.gov.in എന്ന വെബ്സൈറ്റിലാണ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തെ ബുക്ക് ചെയ്യാത്ത കുട്ടികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സംവിധാനമൊരുക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



No comments