Breaking News

കാട്ടൂർ തമ്പാൻ നായരുടെ നേർച്ച സഫലമായി മുക്കുഴി പാൽക്കുളം ക്ഷേത്രത്തിൽ എം.പി രാജ്മോഹൻ ഉണ്ണിത്താന് പച്ചരി കൊണ്ട് തുലാഭാരം


എണ്ണപ്പാറ: രാജ്മോഹൻ ഉണ്ണിത്താൻ ലോകസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ  തുലാഭാരം നടത്താമെന്ന് നേർന്ന കോൺഗ്രസ് പ്രവർത്തകൻ കാട്ടൂർ തമ്പാൻ നായരുടെ നേർച്ച സഫലമായി. കോടോംബേളൂർ മുക്കുഴി പാൽക്കുളം ദേവി ക്ഷേത്ര ഉത്സവ ദിനത്തിൽ എം.പിയെ പച്ചരി കൊണ്ട് തുലാഭാരം നടത്തി. ലോക്സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം നാമനിർദ്ദേശ പ്രതിക സമർപ്പിച്ച ദിവസം കോൺഗ്രസ് പ്രവർത്തകനും കർഷകനുമായ കാട്ടൂർ തമ്പാൻ നായർ ക്ഷേത്രത്തിൽ നേർച്ച പറഞ്ഞത്. ജയിച്ച ശേഷമാണ് തമ്പാൻ നായർ ഇക്കാര്യം രാജ് മോഹൻ ഉണ്ണിത്താൻ എംപിയെ അറിയിച്ചത്. ക്ഷേത്ര ഉത്സവ ചടങ്ങിൽ പങ്കെടുത്തു തുലാഭാരം നടത്താൻ തമ്പാൻ നായരും ഭാര്യ ലക്ഷ്മി തമ്പാനും കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വസതിയിൽ ചെന്നു എം.പിയെ ക്ഷണിക്കുകയായിരുന്നു.

ദീർഘകാലം കോടോം-ബേളൂർ പഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് മണ്ഡലം മുൻ വൈസ് പ്രസിഡന്റുമായിരുന്നു ലക്ഷ്മി തമ്പാൻ. ക്ഷണം സ്വീകരിച്ച് ഇന്നലെ ഉച്ചയോടെ ക്ഷേത്രത്തിൽ എത്തി പ്രദക്ഷിണം നടത്തി പ്രാർഥനകളോടെ എംപിയുടെ തുലാഭാരം നടന്നപ്പോൾ നേർച്ച പറഞ്ഞ തമ്പാൻ നായർക്കും കുടുംബത്തിനും രാജ്മോഹൻ ഉണ്ണിത്താൻ നേടിയ വിജയത്തിലേറെ സന്തോഷത്തിളക്കമായി. ക്ഷേത്രത്തിലെ അന്നദാനത്തിലും പങ്കെടുത്താണ് എം.പി മടങ്ങിയത്.

No comments