Breaking News

‘ഉറുമ്പ് ശല്യം തീർക്കാൻ ഉറുമ്പുകൾക്കായൊരു അമ്പലവും ഉറുമ്പച്ചൻ പ്രതിഷ്ഠയും’; കണ്ണൂരിൽ വ്യത്യസ്തമായൊരു അമ്പലം




വ്യത്യസ്ത വിശ്വാസ രീതികൾ പുലർത്തുന്നവരാണ് മനുഷ്യർ. ആദിമ കാലം മുതൽക്കെ അത് കാണാൻ സാധിക്കും. കാറ്റിനെയും ഇടിമിന്നലിനെയും ആരാധിച്ച് തുടങ്ങിയ മനുഷ്യൻ തന്റെ ഉള്ളിലുള്ള ഭയത്തെ മറികടക്കാനുള്ള ഉപാധിയായി വിശ്വാസത്തെ കണ്ടു. കൗതുകം നിറഞ്ഞ പല വിശ്വാസങ്ങളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രവും ഉറുമ്പച്ചൻ പ്രതിഷ്ഠയും അതിലൊന്ന് മാത്രം. അതും നമ്മുടെ കേരളത്തിൽ തന്നെയെന്ന് പറഞ്ഞാൽ സംശയിക്കേണ്ട.

കണ്ണൂരിലെ തോട്ടടയിൽ കു‌റ്റിക്കകം എന്ന ഗ്രാമത്തിലാണ് ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉറുമ്പച്ചൻ കോട്ടം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത് തന്നെ. ക്ഷേത്രം ആയി നിലകൊള്ളുന്നുവെങ്കിലും സാധാരണഗതിയിലുള്ള ഒരു ക്ഷേത്രത്തിന്റെ ഘടനയൊന്നും ഇവിടെ കാണാൻ കഴിയില്ല. വൃത്താകൃതിയിലുള്ള ഒരു തറയിലാണ് പ്രതിഷ്ഠയുള്ളത്. 400 വർഷത്തിന്റെ ചരിത്രമാണ് ഉറുമ്പച്ചൻ ക്ഷേത്രത്തിന് പറയാനുള്ളത്.




സത്യത്തിൽ ഉറുമ്പച്ചൻ ക്ഷേത്രത്തിന്റെ സ്ഥാനത്ത് ഒരു ഗണപതി ക്ഷേത്രമായിരുന്നു നിർമ്മിക്കാനിരുന്നത്. അങ്ങനെ ഗണപതി ക്ഷേത്രം നിർമ്മിക്കാൻ കുറ്റിയടിച്ചു. എന്നാൽ പിറ്റേ ദിവസം കുറ്റിയടിച്ചിരുന്ന സ്ഥാനത്ത് കണ്ടത് ഉറുമ്പിന്റെ കൂടായിരുന്നു. അടിച്ച് വച്ച കുറ്റിയാകട്ടെ കുറച്ചകലെ മാറി കിടക്കുന്നു. ഇതോടെ അവിടം ഉറുമ്പ് പൂജ നടത്താൻ തുടങ്ങിയെന്ന് പറയപ്പെടുന്നു. കുറ്റി കിടന്ന സ്ഥലത്ത് ഗണപതി ക്ഷേത്രവും നിർമ്മിച്ചുവെന്നാണ് ഐതീഹ്യം. എന്തായാലും വീട്ടിൽ ഉറുമ്പുകളുടെ ശല്യം കൊണ്ട് പൊരുതി മുട്ടിയവർ ഉറുമ്പച്ചനെ വന്ന് കണ്ട് തൊഴുത് മടങ്ങുന്നു. മാത്രമല്ല, വിശ്വാസികൾക്കായി ക്ഷേത്രത്തിൽ പൂജയും വഴിപാടുകളും നടത്താറുണ്ട്.

No comments