Breaking News

മരത്തിൽ നിന്നും വീണ് കിടപ്പിലായ വെള്ളരിക്കുണ്ട് ചെമ്പൻകുന്നിലെ കുഞ്ഞിക്കണ്ണന് സഹായവുമായി കുറ്റിക്കോലിലെ പ്രവാസി കൂട്ടായ്മ ഷാഡോ സോഷ്യൽ ഫോറത്തിൻ്റെ ധനസഹായം കൈമാറി


വെള്ളരിക്കുണ്ട്: ജോലിക്കിടെ മരത്തിൽ നിന്നും വീണ് ഗുരുതര പരിക്കുപറ്റിയ വെള്ളരിക്കുണ്ട് ചെമ്പൻകുന്നിലെ കെ.കെ കുഞ്ഞിക്കണ്ണൻ എന്ന കൂലിതൊഴിലാളിയുടെ ജീവിതത്തിന് കൈത്താങ്ങേകാൻ കുറ്റിക്കോൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ഷാഡോ സോഷ്യൽ ഫോറം. കുഞ്ഞിക്കണ്ണന് ചികിത്സാ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള അപേക്ഷ ലഭിച്ച ഷാഡോ പ്രവർത്തകർ സഹായവുമായി മുന്നോട്ട് വരികയായിരുന്നു. ഷാഡോ ഫോറത്തിന് വേണ്ടി രഘുവരൻ കുഞ്ഞിക്കണ്ണൻ്റെ വീട്ടിലെത്തി സഹായധനം കുടുംബത്തിന് കൈമാറി.

ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്ന ഷാഡോ സോഷ്യൽ ഫോറം   അശരണരും ആലംബഹീനരുമായ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് അത്താണിയായി മാറിക്കഴിഞ്ഞു. ഇതിനോടകം ഒട്ടേറെ പേർക്ക് ചികിത്സാ ധനസഹായ വിതരണം ചെയ്തിട്ടുണ്ട്.

കുടുംബത്തിൻ്റെ ഏക ആശ്രയമായ ഗൃഹനാഥൻ കിടപ്പിലായതോടെ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിൻ്റെ ദയനീവസ്ഥയെക്കുറിച്ച് മലയോരം ഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു. കുഞ്ഞിക്കണ്ണൻ്റെ ദുരിത ജീവിതം കണ്ടറിഞ്ഞ് പ്രദേശത്തെ സിപിഎം പ്രവർത്തകരും കഴിഞ്ഞ ദിവസം സഹായം എത്തിച്ചിരുന്നു.

കുഞ്ഞിക്കണ്ണൻ കിടപ്പിലായതോടെ വീടിൻ്റെ നിർമ്മാണവും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.

No comments