Breaking News

'ആദാമിന്റെ മകൻ അബു'വിലെ യഥാർത്ഥ നായകൻ; മട്ടന്നൂർ സ്വദേശി കെ പി ആബൂട്ടി അന്തരിച്ചു




ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ 'ആദാമിന്റെ മകന്‍ അബു'വിലെ നായക കഥാപാത്രത്തിന് അവലംബം ആയ മട്ടന്നൂര്‍ പരിയാരം ഹസ്സന്‍മുക്കിലെ കെ പി ആബൂട്ടി അന്തരിച്ചു. ഞായറാഴ്ച രാവിലെ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

സിനിമയുടെ സംവിധായകൻ സലീം അഹമ്മദ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. 'കെ.പി. ആബൂട്ടിക്ക പരിയാരം ഹസ്സന്‍മുക്ക് ഇന്ന് കാലത്ത് മരണപെട്ടു. പണ്ട് പാലോട്ടുപള്ളിയിലും പരിസരങ്ങളിലും വഴിയോരത്ത് അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വില്‍പ്പന നടത്തിയിരുന്ന അബൂട്ടിക്കായുടെ രീതികളായിരുന്നു ആദാമിന്റെ മകന്‍ അബുവിലെ അബുവിന് പകര്‍ന്ന് നല്‍കിയത്. അല്ലാഹു ആ സാധു മനുഷ്യന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ', എന്ന് സലീം അഹമ്മദ് കുറിച്ചു.

'ആദാമിന്റെ മകന്‍ അബു'വിലെ അഭിനയത്തിന് സലീം കുമാറിന് മികച്ച നടനുള്ള 2010ലെ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചയുടൻ സംവിധായകനും നായകനും ആബൂട്ടിയെ കാണാനെത്തിയിരുന്നു. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും അബു എന്ന വയോധികനായ അത്തറ് കച്ചവടക്കാരന് മക്കയില്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ മോഹമുണ്ടാകുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറഞ്ഞത്.

No comments