Breaking News

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ആക്ടീവ് ആണോ?.. ഇല്ലെങ്കില്‍ സൂക്ഷിക്കുക, പണം നഷ്ടപ്പെടാന്‍ കാരണമായേക്കും


ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ആക്ടീവ് അല്ലെങ്കില്‍ ഒന്ന് കരുതിയിരുന്നോളൂ.. പണി പിന്നാലെയുണ്ട്. നമ്പര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ കമ്പനി പ്രസ്തുത നമ്പര്‍ റദ്ദ് ചെയ്യുകയും ഇതേ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കുകയും ചെയ്യും. ചിലപ്പോള്‍ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാന്‍ ഇത് കാരണമായേക്കും.


ഇത്തരത്തില്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് തട്ടിപ്പിനിരയായിരിക്കുകയാണ് കൊല്ലം സ്വദേശിയായ വീട്ടമ്മ. വീട്ടമ്മ മൂന്നു വര്‍ഷം മുന്‍പ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതിരുന്നതോടെ മൊബൈല്‍ കമ്പനി ഇത് റദ്ദ് ചെയ്യുകയും നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ മറ്റൊരാള്‍ക്കാണ് ആ നമ്പര്‍ കമ്പനി നല്‍കിയത്.


മൊബൈല്‍ നമ്പര്‍ മാറ്റിയെങ്കിലും വീട്ടമ്മ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പര്‍ മാറ്റിയിരുന്നില്ല. ഇതിലൂടെയാണ് തട്ടിപ്പുകാരന്‍ നുഴഞ്ഞുകയറിയത്. ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങള്‍ കൃത്യമായി ലഭിച്ചിരുന്ന വ്യക്തി ഇതിലൂടെ തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു. പണമിടപാടിന്റെ സന്ദേശങ്ങള്‍ വഴി ലഭിച്ച ലിങ്കിലൂടെ ഇടപാടുകള്‍ നടത്തിയ ഇയാള്‍ക്ക് ഒ.ടി.പി നമ്പരും പണം പിന്‍വലിക്കുന്ന വിശദാംശങ്ങളും മറ്റെല്ലാം ഈ നമ്പരില്‍തന്നെ വന്നിരുന്നത് വഴികള്‍ എളുപ്പമാക്കി. വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടമാവുകയും ചെയ്തു.


ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറ്റുമ്പോഴോ, നമ്പര്‍ ഉപയോഗിക്കാതിരിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഇക്കാര്യം ബാങ്കുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

No comments