Breaking News

ചൈത്രവാഹിനി പുഴയിൽ കപ്പാത്തി-കോളിയാട് കടവിൽ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു


കുന്നുംകൈ: ചൈത്രവാഹിനി പുഴയില്‍ കപ്പാത്തി-കോളിയാട് കടവില്‍ ഒരു പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. പാലം യാഥാര്‍ത്ഥ്യമായാല്‍ 200 മീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടുത്തുകാര്‍ക്ക് കുന്നുംകൈ ടൗണിലെത്താന്‍ സാധിക്കും.ഇപ്പോള്‍ സഞ്ചരിക്കുന്നത് രണ്ടര കിലോമീറ്റര്‍ ദൂരമാണ്. വെസ്റ്റ് എളേരി പഞ്ചായത്തില്‍ ചൈത്രവാഹിനി പുഴയുടെ ഓരങ്ങളായ കപ്പാത്തി, കല്ലുവളപ്പ്, മുക്കട, കപ്പാത്തിതട്ട്, കോളിയാട്, കുന്നുംകൈ പ്രദേശങ്ങളിലെ ജനങ്ങളാണ് ഇരുകരകളിലേക്കും സഞ്ചരിക്കാന്‍ കോളിയാട് കടവിനെ ആശ്രയിക്കുന്നത്. ഭീമനടി മുക്കട റോഡിനും, കുന്നുംകൈ മുക്കട റോഡിനും സമാന്തരമായി ഒഴുകുന്ന ചൈത്രവാഹിനി പുഴയിലാണ് കോളിയാട് കടവ്. കോളിയാട് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപത്തെ കടവില്‍ വേനല്‍ക്കാലത്ത് ഇറങ്ങി മറുകരയിലെത്താന്‍ സാധിക്കുമായിരുന്നു. മുക്കടയില്‍ നിന്ന് കുന്നുകൈ ടൗണിലെത്താന്‍ റോഡ് മാര്‍ഗം നാല് കിലോമീറ്റര്‍ സഞ്ചരിക്കണം. എന്നാല്‍ കോളിയാട് കടവ് വഴി രണ്ട് കിലോമീറ്റര്‍ മതി. കാല്‍നടയായും പോകാം. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ റോഡിലെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്നു.  കര്‍ഷകതൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണ് ഇവിടം. റേഷന്‍ വാങ്ങിയാല്‍  ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടുന്ന അവസ്ഥ. 300 ഓളം കുടുംബങ്ങളാണ് പുഴകടക്കാന്‍ ദുരിതമനുഭവിക്കുന്നത്. പാലായി ഷട്ടര്‍ കം ബ്രിഡ്ജ് വന്നതോടെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇപ്പോള്‍ കടവ് കടക്കാന്‍ നിവര്‍ത്തിയില്ലാതായി. ചരിത്രത്തിലാദ്യമായി വേനല്‍ക്കാലത്ത് മറുകരയെത്താന്‍ കോല്‍പാലം കെട്ടേണ്ടിവന്നു നാട്ടുകാര്‍ക്ക്. വീതികൂടിയ പുഴയില്‍ കവുങ്ങും മുളയും കമ്പുകളും ഉപയോഗിച്ച് കെട്ടിയ പാലത്തിലെ യാത്ര അപകടകരമാണ്.

No comments