Breaking News

കെഎസ്ആർടിസി ബസിടിച്ചത് അപകടമോ, ഡ്രൈവർ പക തീർത്തതോ? അന്വേഷണത്തിന് പ്രത്യേക സംഘം; യാത്രക്കാരുടെ മൊഴിയെടുക്കും


തൃശൂർ-പാലക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ബന്ധുക്കൾ ഉന്നയിച്ച ആരോപണം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം. സംഭവത്തിൽ യുവാക്കളുടെ ബന്ധുക്കൾ, സംഭവ ദിവസം ബസിലുണ്ടായിരുന്ന യാത്രക്കാർ എന്നിവരുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പാലക്കാട് എസ്പിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചത്. ഡ്രെെവർക്കെതിരെ ചുമത്തിയത് ചെറിയ വകുപ്പുകൾ മാത്രമാണെന്നാണ് യുവാക്കളുടെ കുടുംബം പറയുന്നത്.

തിങ്കളാഴ്ച രാത്രിയാണ് ദേശീയപാതയിൽ കുഴൽമന്ദത്തിന് സമീപത്ത് വെച്ച് കാവശേരി സ്വദേശി ആദർശ്, കാസർകോട് സ്വദേശി സാബിത്ത് എന്നിവർ കെഎസ്ആർടിസി ബസിടിച്ച് മരിച്ചത്. ബസ് ട്രാക്ക് മാറി ബൈക്കിനെ മറിച്ചിടുന്ന ദൃശ്യങ്ങൾ പിറകെയുണ്ടായിരുന്ന കാറിലെ ഡാഷ് ബോർഡ് കാമറയിൽ പതിഞ്ഞിരുന്നു. നടന്നത് മനപ്പൂർവമുള്ള കൊലപാതകമാണെന്നാണ് കൊല്ലപ്പെട്ട ആദർശിന്റെയും സബിത്തിന്റെയും കുടുംബം പറയുന്നത്. അപകടം നടക്കുന്നതിന് കുറച്ചു സമയങ്ങൾക്ക് മുമ്പ് ആദർശും ബസ് ഡ്രൈവറും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് ബസിലെ യാത്രക്കാർ സാക്ഷികളാണ്. ഇതിന്റെ വൈരാഗ്യം മൂലം ഡ്രൈവർ മനപ്പൂർവം വണ്ടിയിടിച്ചതാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബം പറയുന്നത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് അഞ്ച് കിലോ മീറ്റർ മുമ്പ് കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടായതായിരുന്നു. അതേസമയം സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. പീച്ചി പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പ് ആണ് അറസ്റ്റിലായത്. ഈ മാസം ഏഴാം തിയതി കോയമ്പത്തൂരിൽ നിന്നും വരുന്ന വഴി തൃശൂർ പാലക്കാട് ദേശീയ പാതയിൽ വെച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ അറസ്റ്റിലായ വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സിഎൽ ഔസേപ്പിനെ നേരത്തെ സിഎംഡി സസ്‌പെൻഡ് ചെയ്തിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകട ദൃശ്യം ബസിന് പിറകിൽ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോർഡിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചകിച്ചത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് രണ്ട് യുവാക്കളുടെ ദാരുണാന്ത്യത്തിന് പിന്നിലെന്നായിരുന്നു ആദ്യം റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ പിന്നീട് അപകട ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് കെഎസ്ആർടിസി ഡ്രൈവറുടെ പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ഡ്രൈവറുടെ വീഴ്ചയാണെന്നും ഡ്രൈവർ വലത്തോട്ട് ബസ് വെട്ടിച്ചതുകൊണ്ട് മാത്രമാണ് അപകടമുണ്ടായതെന്നും കണ്ടെത്തുകയായിരുന്നു. ഇതാണ് വഴിത്തിരിവായത്.


No comments