Breaking News

കെ.എസ്.ആർ.ടി.സി ബസ് തട്ടി കാഞ്ഞങ്ങാട് സ്വദേശിയുൾപ്പെടെയുള്ള ബൈക്ക് യാത്രക്കാർ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ, പിന്നാലെ ജാമ്യം




പാലക്കാട് കുഴല്‍മന്ദത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് തട്ടി ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. വടക്കഞ്ചേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ സി.എല്‍. ഔസേപ്പിനെയാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10നാണ് അപകടം നടന്നത്. അപകടത്തില്‍ പാലക്കാട് സ്വദേശി ആദര്‍ശ്, കാഞ്ഞങ്ങാട് സ്വദേശി സാംബിത്ത് എന്നിവര്‍ മരിച്ചിരുന്നു.




ബോധപൂര്‍വ്വം കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അപകടം ഉണ്ടാക്കി എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ കെ.എസ.്ആര്‍.ടി.സി നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ മാസം 7ന് പാലക്കാട് നിന്നും വടക്കഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയ ബസാണ് അപകടത്തില്‍പ്പെട്ടത്. കെ.എസ്.ആര്‍.ടി.സി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാന്‍ ശ്രമിച്ചതോടെ ബസ് തട്ടി യുവാക്കള്‍ മരണപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോര്‍ഡില്‍ പതിയുകയും വിവരം ന്യൂസ് ചാനലുകളിലും, സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന അനുമാനത്തെ തുടര്‍ന്നാണ് നടപടി.




പാലക്കാട് കുഴല്‍മന്ദത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് തട്ടി ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ബോധപൂര്‍വം അപകടമുണ്ടാക്കിയതാണെന്ന് മരിച്ച സെബിത്തിന്റെ സഹോദരന്‍ ശരത്ത് വെളിപ്പെടുത്തി. സംഭവത്തിന് തൊട്ടുമുന്‍പ് മരിച്ച യുവാക്കളും കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി യാത്രക്കാരും പറയുന്നു. ഇക്കാര്യം ഉള്‍പ്പടെ പൊലീസ് അന്വേഷിക്കണമെന്നാണ് മരിച്ച യുവാക്കളുടെ ബന്ധുക്കളുടെ പ്രധാന ആവശ്യം.



No comments