Breaking News

തൊഴിലുറപ്പ് ജോലിക്കിടെ 'നിധി' കണ്ടെത്തി; പുരാവസ്തുവകുപ്പ് ഏറ്റെടുത്തു



മലപ്പുറത്ത് തൊഴിലുറപ്പ് ജോലിക്കിടെ 'നിധി' കണ്ടെത്തി. സ്വര്‍ണനാണയങ്ങളുടെ രൂപത്തില്‍ കുടത്തിനകത്താണ് 'നിധി' കണ്ടെത്തിയത്. പൊന്മള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മണ്ണഴി കോട്ടപ്പുറത്താണ് സംഭവം. വാര്‍ഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണിത്. പ്രദേശത്തെ തെക്കേമുറി കാര്‍ത്ത്യായനിയുടെ പുരയിടത്തില്‍ നിധി കണ്ടെത്തിയത്. മണ്‍കലത്തിനുള്ളില്‍ ലോഹപ്പെട്ടിയില്‍ അടച്ച നിലയിലായിരുന്ന നിധി. സ്വര്‍ണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്.

കുടുംബാംഗങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് പോലീസ്സ്‌റ്റേഷനിലും വില്ലേജ് ഓഫീസിലും അറിയിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചശേഷം ലോഹപ്പെട്ടിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഭൂവുടമ കാര്‍ത്ത്യായനിയുടെ മകന്‍ പുഷ്പരാജിന്റെ സാന്നിധ്യത്തില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ ജില്ലാ സിവില്‍സ്റ്റേഷനിലെ ട്രഷറിയില്‍ ഏല്‍പ്പിച്ചു. പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചിട്ടുണ്ട്.


No comments