Breaking News

റബർ കർഷകർക്കുള്ള കാർഷിക വായ്പ കുത്തക കമ്പനികൾക്ക് നൽകുന്നുവെന്ന് പരാതി;പുതുതലമുറ ബാങ്കുകൾക്കെതിരെ കർഷകർ




വെള്ളരിക്കുണ്ട് : റബർ കർഷകർക്കുള്ള കാർഷിക വായ്പ പുതുതലമുറ ബാങ്കുകൾ ടയർ കുത്തക കമ്പനികൾക്ക് വഴിമാറ്റി നൽകുന്നതായി ആരോപണം. സാധാരണ കർഷകരെ സഹായിക്കാനായി നൽകേണ്ട കോടിക്കണക്കിന് രൂപയാണ് വഴിമാറ്റുന്നത്. റബർ വിതരണക്കാരെ സമ്മർദത്തിലാക്കിയാണ് ഈ തട്ടിപ്പ്.

സാധാരണക്കാരായ കർഷകർക്ക് കൃഷിയ്ക്കായി ബാങ്കുകൾ നൽകുന്നതാണ് കാർഷിക വായ്പ. നാല് ശതമാനം വരെയാണ് ഇതിനുള്ള പലിശ നിരക്ക്. ഇത്തരത്തിൽ റബർ കർഷകരെ സഹായിക്കാനായി നൽകേണ്ട കാർഷിക വായ്പയാണ് ഏതാനും പുതുതലമുറ ബാങ്കുകൾ വൻകിട ടയർ നിർമാണ കമ്പനികൾക്ക് മറിച്ച് നൽകുന്നതായി പരാതി ഉയരുന്നത്

ടയർ നിർമാണ കമ്പനികൾ നിർദ്ദേശിക്കുന്ന റബർ സംഭരണ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകൾ പണം നൽകും. സംഭരണ സ്ഥാപനം കർഷകർക്ക് ഈ തുക വീതിച്ച് നൽകുമെന്ന ധാരണയിലാണ് പണം കൊടുക്കുന്നത്. ഇതിനുള്ള രേഖകൾ വിതരണക്കാരിൽ നിന്ന് ഒപ്പിട്ട് വാങ്ങി ടയർ കമ്പനികൾ ബാങ്കുകൾക്ക് നൽകും. ആറ് മാസമാണ് വായ്പ കാലാവധി. കാലാവധി തീരുന്പോൾ വായ്പയും പലിശയും ടയർ കന്പനികൾ നേരിട്ട് ബാങ്കുകളിൽ തിരിച്ചടക്കും.

അതായത് റബര്‍ സംഭരണ സ്ഥാപനത്തിന് റബർ വാങ്ങുമ്പോൾ കമ്പനികൾ നൽകേണ്ട പണം കാ‍ർഷിക വായ്പയായി ബാങ്കുകൾ നൽകുന്നു. ടയർ കമ്പനികൾ ബാങ്കുകളിൽ നിന്ന് നേരിട്ട് വായ്പ എടുത്താൽ ആറോ ഏഴോ ശതമാനം പലിശ നൽകണം. എന്നാൽ കാർഷിക വായ്പക്ക് പലിശ നാല് ശതമാനത്തിൽ താഴെ. വലിയ തുകയ്ക്കുള്ള വായ്പകളായതിനാൽ കമ്പനികൾക്ക് ലാഭം കോടികളെന്നാണ് റബര്‍ സംഭരണ സ്ഥാപനങ്ങളുടെ കണ്ടെത്തൽ. കാർഷിക വായ്പകൾ തിരിച്ചടവ് മുടങ്ങാതെ കൃത്യമായി മടക്കിക്കിട്ടുന്നു എന്നതാണ് ബാങ്കുകൾക്ക് ഇതിലൂടെയുള്ള ലാഭം. എന്നാല്‍ ഇതിലൂടെ നഷ്ടപ്പെടുന്നത് കര്‍ഷകര്‍ക്ക് അര്‍ഹമായ വായ്പകള്‍. പുത്തന്‍തലമുറ ബാങ്കുകൾ വ്യാപകമായി നല്‍കുന്ന ഇത്തരം വായ്പകള്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് റബർ സംഭരണ സ്ഥാപനങ്ങളും കര്‍ഷകരും.

No comments