ഒരു മഴ പെയ്താൽ ബളാൽ ടൗണിൽ വെള്ളപ്പൊക്കം ഓവുചാലുകൾ ഉപയോഗശൂന്യം
ബളാൽ: വേനൽ ചൂടിൽ ആശ്വാസമായി മലയോരത്ത് മഴ പെയ്തപ്പോഴും ബളാൽ ടൗണിലുള്ളവർക്ക് അത് ശാപമായി മാറി. വർഷങ്ങളായി ബളാൽ ടൗൺ നേരിടുന്ന പ്രശ്നമാണിത്. ഒരു മഴ പെയ്ത് ഒഴിയും മുമ്പേ ബളാൽ വെള്ളത്തിൽ മുങ്ങും. ഭൂമി ശാസ്ത്ര പരമായി ചരിഞ്ഞ സ്ഥലമാണെങ്കിലും മഴവെള്ളം മുഴുവനും റോഡിലൂടെയാണ് ഒഴുകുന്നത്. ഓവുചാലുകൾ നോക്കുകുത്തിയായി മാറി. ബളാലിലെ വ്യാപാരികളും ഡ്രൈവർമാരും അതുപോലെ വിവിധ സർക്കാർ ഓഫീസുകളിലേക്ക് വരുന്നവരുമൊക്കെ ഈ ദുരിതം അനുഭവിക്കേണ്ട അവസ്ഥയാണ്. തൊട്ടടുത്താണ് ബളാൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ. കൊച്ചു കുട്ടികൾ അടക്കം ഈ മലവെള്ളം താണ്ടി വേണം വീടുകളിലെത്താൻ. അപകടം ക്ഷണിച്ചു വരുത്തുകയാണ് ഇവിടെ. അധികൃതർ ഇതിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം മഴക്കാലത്ത് ഉണ്ടാവുന്ന ദുരിതം പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ ദുരിതമായിരിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.

No comments